മാഞ്ചസ്റ്റര്‍ യുനൈറ്റഡ്: ഖത്തര്‍ അന്തിമ തീരുമാനം അറിയിച്ചു

മാഞ്ചസ്റ്റര്‍ - ലോകത്തെ ഏറ്റവും പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഖത്തര്‍ ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍താനി പിന്മാറിയതായി ബി.ബി.സി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പാണ് യുനൈറ്റഡ് ഉടമകള്‍ ക്ലബ്ബ കൈമാറാനുള്ള നീക്കം ആരംഭിച്ചത്. ശെയ്ഖ് ജാസിമും ബ്രിട്ടിഷ് കോടീശ്വരന്‍ ജിം റാറ്റ്ക്ലിഫുമായിരുന്നു ക്ലബ്ബ് വാങ്ങാന്‍ മുന്നിലുണ്ടായിരുന്നത്. നിരവധി തവണ തുകകള്‍ മാറിമാറി വാഗ്ദാനം ചെയ്തു. പക്ഷെ സമീപദിനങ്ങളിലായി കൈമാറ്റ പ്രക്രിയ നിലച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ഉടമകളായ ഗ്ലെയ്‌സര്‍ കുടുംബത്തിനെതിരെ ശക്തമായ ആരാധക രോഷം നിലനില്‍ക്കുന്നുണ്ട്. 
റാറ്റ്ക്ലിഫ് 1500 കോടി പൗണ്ട് മുടക്കി ക്ലബ്ബിന്റെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന. 2005 ല്‍ 79 കോടി പൗണ്ടിനാണ് ഗ്ലെയ്‌സര്‍ കുടുംബം യുനൈറ്റഡ് വാങ്ങിയത്. ഇപ്പോള്‍ വലിയ കടക്കെണിയിലാണ് ക്ലബ്ബ്. കഴിഞ്ഞ മാര്‍ച്ചില്‍ അത് 97 കോടി പൗണ്ടിലെത്തി. 
ക്ലബ്ബിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്നായിരുന്നു ശെയ്ഖ് ജാസിമിന്റെ നിലപാട്. കുടിശ്ശിക തീര്‍ക്കാനും അദ്ദേഹം തയാറായിരുന്നു. 5000 കോടി പൗണ്ടിന്റെ കരാറാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ആറായിരം കോടിയാണ് ഗ്ലെയ്‌സര്‍ കുടുംബം ആവശ്യപ്പെട്ടത്.
 

Latest News