അഹമ്മദാബാദ് - ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായി. രണ്ടാം നിര ടീമിനെ നേരിടുന്ന ലാഘവത്തോടെ എതിരാളികളെ ഇന്ത്യ കശക്കിയെറിഞ്ഞു. നല്ല ബാറ്റിംഗ് പിച്ചില്‍, വേഗമേറിയ ഔട്ഫീല്‍ഡില്‍ പൊരുതാനുള്ള സ്കോര്‍ അടിച്ചെടുക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. ഇന്ത്യയുടെ പെയ്സ്, സ്പിന്‍ ബൗളര്‍മാരുടെ കൃത്യമാര്‍ന്ന പദ്ധതിക്കു മുന്നില്‍ പാക്കിസ്ഥാന് മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഏഴോവറിലേറെ ശേഷിക്കെ അവര്‍ 191 ന് ഓളൗട്ടായി. അവസാന എട്ടു വിക്കറ്റുകള്‍ 13 ഓവറില്‍ 36 റണ്‍സിനിടെയാണ് നിലംപൊത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കം മുതല്‍ കടിഞ്ഞാണേറ്റെടുത്തതോടെ പാക്കിസ്ഥാന്റെ പെയ്സ്, സ്പിന്‍ ബൗളിംഗും മുനയൊടിഞ്ഞു. ആറ് സിക്സറും ആറ് ബൗണ്ടറിയുമായി മുന്നേറിയ ക്യാപ്റ്റന്‍ ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെഞ്ചുറി കഷ്ടിച്ചാണ് നഷ്ടപ്പെട്ടത് (63 പന്തില്‍ 86). ഇന്ത്യ 30.3 ഓവറില്‍ ഏഴ് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കി. ശ്രേയസ് അയ്യരും അര്‍ധ ശതകം തികച്ചു. മൂന്നു കളികളില്‍ മൂന്നു ജയവുമായി ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്നു കളിയില്‍ പാക്കിസ്ഥാന്റെ മൂന്നാമത്തെ തോല്‍വിയാണ്. ലോകകപ്പുകളില്‍ ഇന്ത്യക്കെതിരായ എട്ടാം മത്സരത്തിലും തോല്‍വിയുടെ കയ്പാണ് പാക്കിസ്ഥാനെ കാത്തിരുന്നത്.
പാക് ആരാധകര്‍ക്ക് ഫലത്തില്‍ ഇന്ത്യ പ്രവേശനം നിഷേധിച്ചതോടെ 1,20,000 ത്തോളം പേര് ആര്‍ത്തലച്ച ഗാലറി ഏതാണ്ട് നീലമയമായിരുന്നു. ഇന്ത്യയുടെ കിടയറ്റ ബൗളിംഗും ഗാലറിയുടെ അലയടങ്ങാത്ത ആരവവും പാക്കിസ്ഥാന് ടീമിന് താങ്ങാനായില്ല.
കളി മാറിയ 13 ഓവര്‍
അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായതോടെയാണ് പാക്കിസ്ഥാന് 13 ഓവറിനിടെ നിലംപൊത്തിയത്. 7.1 ഓവര്‍ ശേഷിക്കെ അവര്‍ ഓളൗട്ടായി. പെയ്സര്‍മാര്‍ക്ക് ഒരു സഹായവും കിട്ടാത്ത പിച്ചില്‍ പഴയ പന്ത് കൊണ്ട് രണ്ടാം സ്പെല്ലില് ജസ്പ്രീത് ബുംറ രണ്ടോവറില്‍ രണ്ട് വിക്കറ്റെടുത്തതോടെയാണ് കളിയുടെ ഗതി മാറിയത്. ബുംറയും (7-1-19-2) മുഹമ്മദ് സിറാജും (8-0-50-2) ഹാര്‍ദിക് പാണ്ഡ്യയും (6-0-34-2) കുല്‍ദീപ് യാദവും (10-0-35-2) രവീന്ദ്ര ജദേജയും (9.5-0-38-2) വിക്കറ്റുകള്‍ പങ്കുവെച്ചു.
ക്യാപ്റ്റന്‍ ബാബര്‍ അസമും (58 പന്തില്‍ 50) കഴിഞ്ഞ കളിയിലെ സെഞ്ചൂറിയന്‍ മുഹമ്മദ് രിസ്വാനും (69 പന്തില്‍ 49) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തതോടെ പാക്കിസ്ഥാന് മുപ്പതോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലെത്തിയിരുന്നു. അര്‍ധ സെഞ്ചുറി തികച്ചയുടനെ ബാബറെ സിറാജ് രണ്ടാം സ്പെല്ലിലെ നാലാമത്തെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഓപണര്‍മാരായ ഇമാമുല്‍ ഹഖിനെ (38 പന്തില്‍ 36) ഹാര്‍ദിക് പാണ്ഡ്യയും അബ്ദുല്ല ശഫീഖിനെ (24 പന്തില്‍ 20) മുഹമ്മദ് സിറാജും പുറത്താക്കിയ ശേഷം ബാബറും രിസ്വാനും ടീമിനെ കരകയറ്റിയതായിരുന്നു.
സിറാജിന്റെ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയ പാക്കിസ്ഥാന് അബ്ദുല്ല ശഫീഖിനെയാണ് (24 പന്തില്‍ 20) ആദ്യം നഷ്ടപ്പെട്ടത്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ കളിയില്‍ സെഞ്ചുറിയടിച്ച ശഫീഖ് പ്രതീക്ഷിച്ചതിലും താഴ്ന്ന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മറുവശത്ത് ജസ്പ്രീത് ബുംറ പതിവ് പോലെ റണ്‍പിശുക്കി. ആദ്യ സ്പെല്ലിലെ നാലോവറില്‍ ഒരു മെയ്ഡനാക്കിയ ബുംറ 14 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറയുടെ ഹോം ഗ്രൗണ്ടാണ് ഇത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പനി മാറിയ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചത്തി. ഇശാന് കിഷന് സ്ഥാനം നഷ്ടപ്പെട്ടു.
ഹിറ്റായി ഹിറ്റ്മാന്
രോഹിത് 36 പന്തിലാണ് രോഹിത് അര്‍ധ ശതകം തികച്ചത്. രോഹിതും ഗില്ലും ആദ്യ ഏഴോവറില്‍ 11 തവണ പന്ത് അതിര്‍ത്തി കടത്തി. ആറു ബൗണ്ടറിയും വഴങ്ങിയത് ശാഹീനായിരുന്നു. പത്തോവറില്‍ ഇന്ത്യ ഒന്നിന് 79 ലെത്തിയതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. രോഹിത് ലോകകപ്പിലെ എട്ടാം സെഞ്ചുറി തികക്കുമോയെന്നതു മാത്രമായി അവശേഷിച്ച ചോദ്യം. ശാഹീനെ അടിച്ചുയര്‍ത്താനുള്ള ശ്രമത്തില്‍ മിഡ് വിക്കറ്റില്‍ ഇഫ്തിഖാര്‍ അഹമദ് പിടിച്ചതോടെ ആ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ വിജയം ഉറപ്പാക്കിയാണ് ക്യാപ്റ്റന്‍ ക്രീസ് വിട്ടത്.
ലോകകപ്പില്‍ അരങ്ങേറിയ ശുഭ്മന്‍ ഗില്ലിനെയാണ് (11 പന്തില്‍ 16) മൂന്നാം ഓവറില്‍ ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. ഗില്ലിനെ ശാഹീനും വിരാട് കോലിയെ (18 പന്തില്‍ 16) ഹസന്‍അലിയും പുറത്താക്കി.
ഒരോവറില്‍ രണ്ട് വിക്കറ്റ്
ബാബര്‍ അസമും രിസ്വാനും നേരത്തെ സൂക്ഷിച്ചാണ് ഇന്ത്യന്‍ ബൗളിംഗിനെ നേരിട്ടത്. 57 പന്തില്‍ ബാബര്‍ അര്‍ധ ശതകം തികച്ചു. എന്നാല്‍ അടുത്ത ഓവറില്‍ സിറാജ് പാക് നായകനെ പുറത്താക്കിയതോടെ കളി മാറി. കുല്‍ദീപ് യാദവ് ഒരോവറില്‍ ഇടങ്കൈയന്‍ സൗദ് ശഖീലിനെയും (6) ഇഫ്തിഖാര്‍ അഹമ്മദിനെയും (4) പുറത്താക്കി. സ്ലോ ഓഫ്കട്ടറിലൂടെ രിസ്വാന് ബുംറ അര്‍ധ ശതകം നിഷേധിച്ചു. ഹാര്‍ദിക്കും ജദേജയും വാലറ്റത്തെ ശ്വാസം വിടാന്‍ അനുവദിച്ചില്ല. മധ്യനിരയിലും വാലറ്റത്തും രണ്ടക്കത്തിലെത്തിയ ഒരേയൊരു ബാറ്റര്‍ ഹസന്‍അലിയാണ് (19 പന്തില്‍ 12).






