Sorry, you need to enable JavaScript to visit this website.

ദോഹയിലെ ഹമാസ് കാര്യാലയം: വിശദീകരിച്ച് ഖത്തര്‍ പ്രധാനമന്ത്രി

ദോഹ- ഗസയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന ഇസ്രായേലിന്റെ നയം അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി.

അടിയന്തര വെടിനിര്‍ത്തല്‍, സാധാരണക്കാരുടെ സംരക്ഷണം, ബന്ദികളുടെ മോചനം, ആക്രമണം തടയാനുളള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളുടെ മുന്‍ഗണനകളെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സംഘര്‍ഷം വ്യാപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ പ്രധാന മന്ത്രി പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യമിടുന്ന എല്ലാത്തരം നടപടികളെയും അപലപിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. നിരപരാധികളായ സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നതും കൂട്ടാത്തോടെയുള്ള ശിക്ഷ എന്ന നയം പ്രയോഗിക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം  പറഞ്ഞു.

ഈ പ്രതിസന്ധിക്ക് പരിഹാരത്തില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗം ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ആശയവിനിമയത്തിനുള്ള എല്ലാ വഴികളും തുറന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.  പ്രതിസന്ധി പരിഹരിക്കുന്നതിന് നിരന്തരവും തീവ്രവുമായ സഹകരണം ആവശ്യമാണ്. ആക്രമണത്തിന്റെ വ്യാപ്തി കുറയ്ക്കുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ ജനങ്ങള്‍ വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭിക്കാതെ മാനുഷിക പ്രതിസന്ധി നേരിടുകയാണ്. ഏറ്റുമുട്ടലുകളുടെ അനന്തരഫലങ്ങളില്‍ നിന്ന് സാധാരണക്കാരെ ഒഴിവാക്കുവാനും സാഹചര്യം ശാന്തമാക്കുന്നതിനും സഖ്യകക്ഷികളുമായി പ്രത്യേകിച്ച് യുഎസുമായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നു. മധ്യസ്ഥതയുടെയും സംഭാഷണത്തിന്റെയും പ്രാധാന്യത്തില്‍ ഖത്തര്‍ ഉറച്ചു വിശ്വസിക്കുന്നു, ഇത് ഞങ്ങളുടെ വിദേശനയത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നു. സംഘര്‍ഷത്തിന്റെ വിവിധ മേഖലകളില്‍ വിവിധ കക്ഷികളുമായി ആശയവിനിമയം നടത്താന്‍ ഖത്തര്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.  
ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരമാകുന്നില്ലെങ്കില്‍ എല്ലായ്‌പ്പോഴും ഈ മേഖലയില്‍ അസമാധാനം സൃഷ്ടിക്കും. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 അതിര്‍ത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍  അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം.
നിലവിലെ സംഘട്ടനത്തിന്റെ ആദ്യ ദിവസം മുതല്‍, രക്തച്ചൊരിച്ചില്‍ തടയുന്നതിനും, അക്രമത്തിന്റെ തീവ്രത കുറയ്ക്കാനും എല്ലാ ശ്രമങ്ങളും ഖത്തര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ ഓഫീസ് ആദ്യം മുതല്‍ ആശയവിനിമയത്തിനുള്ള ഒരു ചാനലായും മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള  മാര്‍ഗമായും ഉപയോഗിച്ചിരുന്നു, ഇതാണ് അതിന്റെ ഉദ്ദേശ്യം. ഖത്തര്‍ എപ്പോഴും ആശയവിനിമയത്തിന്റെ വഴികള്‍ തുറന്നിടുകയും ഈ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിയതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
നിരവധി വിഷയങ്ങളില്‍ ഖത്തറുമായുള്ള സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഖത്തര്‍ വിശ്വസനീയമായ പങ്കാളിയാണെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തുര്‍ക്കിയിലെയും വടക്കന്‍ സിറിയയിലെയും ഭൂകമ്പം പോലുള്ള പ്രകൃതിദുരന്ത വേളകളിലും സഹകരിച്ചു. തടവുകാരെ മോചിപ്പിക്കാന്‍ ഖത്തര്‍ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
പ്രതിസന്ധിയുടെ വ്യാപനം തടയാന്‍ അമേരിക്ക നിലവില്‍ ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറുമായും മേഖലയിലെ വിവിധ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരിച്ച് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News