ചെന്നൈ - ബംഗ്ലാദേശിനെ 43 പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് തകര്‍ത്തിട്ടും ചെന്നൈയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാന്റ് ടീം ഗ്രൗണ്ട് വിട്ടത് ദുഃഖത്തോടെ. ഏറെക്കാലത്തിനു ശേഷം ന്യൂസിലാന്റിനെ നയിച്ച കെയ്ന്‍ വില്യംസന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ഫീല്‍ഡില്‍ നിന്നെറിഞ്ഞ പന്ത് റണ്ണെടുക്കുന്നതിനിടെ വില്യംസന്റെ കൈയില്‍ കൊള്ളുകയായിരുന്നു. ആദ്യ മൂന്നു കളിയും ജയിച്ച ന്യൂസിലാന്റ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42.5 ഓവറില്‍ കിവീസ് മറികടന്നു. മൂന്നു കളിയില്‍ ബംഗ്ലാദേശിന്റെ രണ്ടാം തോല്‍വിയാണ് ഇത്.
ഈ ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന വില്യംസന്‍ 107 പന്തില്‍ 78 റണ്‍സുമായി പരിക്കേറ്റ് മടങ്ങി. രചിന്‍ രവീന്ദ്ര (9) മൂന്നാം ഓവറില്‍ പുറത്തായ ശേഷം ഡെവോണ്‍ കോണ്‍വെയും (59 പന്തില്‍ 42) വില്യംസനും ലക്ഷ്യത്തിലേക്ക് ഇഴയുകയായിരുന്നു. ഇരുപത്തൊന്നാം ഓവറില്‍ കോണ്‍വെ പുറത്തായ ശേഷം എത്തിയ ഡാരില്‍ മിച്ചലാണ് (67 പന്തില്‍ 89 നോട്ടൗട്ട്) സ്‌കോറിംഗിന് വേഗം കൂട്ടിയത്. മിച്ചല്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയും പറത്തി. 11 പന്തില്‍ ഒരു സിക്‌സറും ഒരു ബൗണ്ടറിയുമായി 16 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനൊപ്പമാണ് മിച്ചല്‍ വിജയം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഐ.പി.എല്ലിന്റെ തുടക്കത്തില്‍ പരിക്കേറ്റ വില്യംസന്‍ ഈ ലോകകപ്പില്‍ കളിക്കുമോയെന്നു പോലും സംശയമായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതിലും നേരത്തെ കായികക്ഷമത വീണ്ടെടുത്തതോടെ ടീമിലുള്‍പെടുത്തി. 81 പന്തിലായിരുന്നു വില്യംസന്റെ 43ാം അര്‍ധശതകം. 2015 ലും 2019 ലും ലോകകപ്പ് റണ്ണേഴ്‌സ്അപ്പായിരുന്നു ന്യൂസിലാന്റ്.
നേരത്തെ മുശ്ഫിഖുറഹീമിന്റെ അര്‍ധ ശതകമാണ് (75 പന്തില്‍ 66) ബംഗ്ലാദേശിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ജന്മദിനത്തില്‍ ആദ്യ പന്തില്‍ ലിറ്റന്‍ദാസ് (0) പുറത്തായതോടെ ബംഗ്ലാദേശ് പരുങ്ങുകയായിരുന്നു. പതിമൂന്നാം ഓവറില്‍ നാലിന് 56 ലേക്ക് അവര്‍ തകര്‍ന്നു. മെഹദി ഹസന്‍ മിറാസ് (46 പന്തില്‍ 30), ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന്‍ (51 പന്തില്‍ 40) മഹമൂദുല്ല (49 പന്തില്‍ 41 നോട്ടൗട്ട്) എന്നിവരും പൊരുതി. ലോക്കി ഫെര്‍ഗൂസനും (3-49) മാറ്റ് ഹെന്റിയും (2-58) ട്രെന്റ് ബൗള്‍ടും (2-45) ഏഴ് വിക്കറ്റ് പങ്കുവെച്ചു. മിച്ചല്‍ സാന്റ്‌നര്‍ (10-1-31-1) ഒഴികെ എല്ലാവരും നല്ല ശിക്ഷ വാങ്ങി.






