Sorry, you need to enable JavaScript to visit this website.

കോഹ്‌ലീ... കാക്കണേ 

കോഹ്‌ലിക്കെതിരെ സാം കറൺ  അപ്പീൽ ചെയ്യുന്നു.
  • 194 റൺസ് ലക്ഷ്യം, ഇന്ത്യ അഞ്ചിന് 110

ബേമിംഗ്ഹാം - സാധ്യതകൾ മാറിമറിഞ്ഞ മൂന്നാം ദിനവും ആവേശകരമായി അവസാനിച്ചതോടെ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആരും ജയിക്കാമെന്ന അവസ്ഥ. ടീമുകൾ മാറിമാറി നിയന്ത്രണം പിടിച്ച മൂന്നാം ദിനത്തിനൊടുവിൽ ഇന്ത്യക്കാണ് നേരിയ മുൻതൂക്കം. എജ്ബാസ്റ്റണിൽ ആദ്യ വിജയം നേടാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 84 റൺസ് വേണം സന്ദർശകർക്ക്. 
നേരത്തെ ആർ. അശ്വിനും ഇശാന്ത് ശർമയും ഇംഗ്ലണ്ടിനെ ഏഴിന് 87 ലേക്ക് തള്ളിവിട്ടതായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റ് കളിക്കുന്ന ഇരുപതുകാരൻ ഓൾറൗണ്ടർ സാം കറൺ ഉജ്വലമായി തിരിച്ചടിക്കുകയും ടീമിനെ 180 ലെത്തിക്കുകയും ചെയ്തു. ഒരോവറിൽ മൂന്നുൾപ്പെടെ അഞ്ചു വിക്കറ്റെടുത്ത ഇശാന്തിൽ നിന്ന് ഈ ദിനത്തിന്റെ താരമെന്ന പദവി കറൺ (63) തട്ടിയെടുക്കുകയായിരുന്നു. 
125 നടുത്ത് റൺസെടുത്താൽ ജയിക്കാമെന്ന അവസ്ഥയിൽനിന്ന് കറണിന്റെ പ്രകടനം ഇന്ത്യയുടെ ലക്ഷ്യം 194 ആയി ഉയർത്തി. ഇത്രയധികം റൺസെടുത്ത് ഇതുവരെ ഇംഗ്ലണ്ടിൽ ഇന്ത്യ ജയിച്ചിട്ടില്ല. ഇത്തവണയും ഇംഗ്ലണ്ടിന്റെ സ്വിംഗ് ബൗളിംഗിനു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര ആടിയുലഞ്ഞു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ചിന് 110 ലാണ് സന്ദർശകർ. 
അഞ്ച് വിക്കറ്റ് ശേഷിക്കെ 84 റൺസ് കൂടി വേണം ജയിക്കാൻ. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് (43 നോട്ടൗട്ട്) ദിനേശ് കാർത്തികാണ് (18 നോട്ടൗട്ട്) കൂട്ട്. അഞ്ചിന് 78 ൽ ഒത്തുചേർന്ന ഇരുവരും ഇതുവരെ 32 റൺസ് ചേർത്തു. 
ഡേവിഡ് മലാൻ ഒരു ക്യാച്ച് കൂടി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ബൗളർമാരുടെ താണ്ഡവമായിരുന്നു. ഓപണർമാരായ മുരളി വിജയ്‌യെയും (6) ശിഖർ ധവാനെയും (13) ബ്രോഡ് പുറത്താക്കി. കളിക്കാതെ വിട്ട പന്തിൽ മുരളി എൽ.ബിയായപ്പോൾ മനോഹരമായ പന്ത് ശിഖറിന്റെ എഡ്ജുമായി വിക്കറ്റ്കീപ്പറുടെ കൈയിലേക്ക് പറന്നു. കെ.എൽ രാഹുൽ (13), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (2), സ്ഥാനക്കയറ്റം നേടിവന്ന അശ്വിൻ (13) എന്നിവർക്കൊന്നും കോഹ്‌ലിക്കൊപ്പം പിടിച്ചുനിൽക്കാനായില്ല. പലതവണ ബീറ്റണായെങ്കിലും കോഹ്‌ലി അചഞ്ചലനായി പോരാട്ടം തുടർന്നു. ഇംഗ്ലണ്ട് വിക്കറ്റ്കീപ്പർ ജോണി ബെയർസ്റ്റൊ നാലു ക്യാച്ചെടുത്തു.  
രാവിലെ ഒന്നിന് ഒമ്പതിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ അശ്വിനും ഇശാന്തും നൂറ് കടത്തില്ലെന്ന് തോന്നിച്ചതായിരുന്നു. ഏഴിന് 87 ലേക്ക് തകർന്നപ്പോൾ തങ്ങളുടെ ആയിരാമത്തെ ടെസ്റ്റിൽ ഇംഗ്ലണ്ട് നാണംകെട്ട തോൽവിയിലേക്കാണ് നീങ്ങിയത്. എന്നാൽ കറൺ കന്നി അർധ ശതകത്തിലൂടെ തിരിച്ചടിച്ചു. രണ്ടാം ദിനം നാലു വിക്കറ്റെടുത്തിട്ടും കോഹ്‌ലിയുടെ മിന്നുന്ന സെഞ്ചുറിയുടെ പ്രഭയിൽ മങ്ങിപ്പോയ കറൺ ഇത്തവണ ക്രീസ് അടക്കിഭരിച്ചു. എട്ടാമനായി ബാറ്റിംഗിനിറങ്ങിയ ഓൾറൗണ്ടർ ഇന്ത്യയുടെ സ്പിന്നിനെയും പെയ്‌സിനെയും ഭയമില്ലാതെ നേരിട്ടു. ബെയര്‍‌സ്റ്റോയുടേതായിരുന്നു (28) അടുത്ത ഉയർന്ന സ്‌കോർ.
ഇന്നലെ ലഞ്ചിന് മുമ്പ് ഒന്നാന്തരം ക്ലോസ്ഇൻ ഫീൽഡിംഗിലൂടെ ഇംഗ്ലണ്ടിന്റെ മുൻനിരയും മധ്യനിരയും ഇന്ത്യ കീറിമുറിച്ചു. തലേന്നത്തെ സ്‌കോറിനോട് ഒമ്പത് റൺസ് ചേർക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് ഓപണർ കീറ്റൻ ജെന്നിംഗ്‌സിനെ (8) നഷ്ടപ്പെട്ടു. അശ്വിനെ എഡ്ജ് ചെയ്തപ്പോൾ രണ്ടാം സ്ലിപ്പിൽ രാഹുൽ സമർഥമായി പിടിച്ചു. ലെഗ്സ്ലിപ്പിൽ രാഹുലിന്റെ മറ്റൊരു മിന്നുന്ന ക്യാച്ച് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് (14) അന്ത്യമൊരുക്കി. 
പിന്നീട് ഇശാന്തിന്റെ ഊഴമായിരുന്നു. രണ്ടാം ദിനം കോഹ്‌ലിയെ രണ്ടു തവണയും ഇന്നലെ മുരളിയെയും കൈവിട്ട മലാനിൽ നിന്ന് പ്രായശ്ചിത്തം ഇംഗ്ലണ്ട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇശാന്തിന്റെ സുന്ദരമായ ഔട്‌സ്വിംഗർ ഗള്ളിയിൽ രഹാനെയുടെ കൈയിലേക്ക് തട്ടിയിടാനേ മലാന് (20) സാധിച്ചുള്ളൂ. ബയര്‍‌സ്റ്റോയെ (28) ആദ്യ സ്ലിപ്പിൽ ശിഖർ പിടിച്ചു. രണ്ടു പന്തിനു ശേഷം കോഹ്‌ലിയുടെ നിലംപറ്റെയുള്ള ക്യാച്ചിൽ ബെൻ സ്റ്റോക്‌സും (6) പുറത്തായി. 
ആറിന് 86 ൽ ലഞ്ചിന് പോയ ഇംഗ്ലണ്ടിന് തിരിച്ചുവന്നപ്പോൾ വീണ്ടും പ്രഹരമേറ്റു. രണ്ടാമത്തെ പന്തിൽ ജോസ് ബട്‌ലറെ (1) ഇശാന്ത് കീപ്പറുടെ കൈയിലെത്തിച്ചു. 
ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ച് പിന്നീട് കറൺ ക്രീസ് വാണു. രണ്ട് ഭാഗ്യ എഡ്ജുകളിൽ 13 ലെത്തിയ യുവ താരത്തെ സ്ലിപ്പിൽ ശിഖർ കൈവിട്ടു. അശ്വിനെ ഉജ്വലമായി സ്‌ട്രെയ്റ്റ് സിക്‌സറിനുയർത്തി കറൺ അത് ആഘോഷിച്ചു. 
അടുത്ത പന്ത് ഒരു പിച്ചിൽ ബൗണ്ടറി കടന്നു. ഇശാന്തിനെ എക്‌സ്ട്രാ കവറിലൂടെ സിക്‌സറിനുയർത്തി 54 പന്തിൽ കന്നി അർധ ശതകം പൂർത്തിയാക്കി. രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയുമുണ്ടായിരുന്നു അർധ ശതകത്തിൽ. ആദിൽ റഷീദും (16) ബ്രോഡും (11) യുവതാരത്തിന് കൂട്ട് നൽകി. ചായക്ക് അൽപം മുമ്പ് ഉമേഷ് യാദവാണ് കറണിനെ പുറത്താക്കി ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.


 

Latest News