Sorry, you need to enable JavaScript to visit this website.

ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റുമെന്ന് ഐ. ഒ. സി

മുംബൈ- ലോസ് ഏഞ്ചലിസ് 2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചതായി മുംബൈയില്‍ നടന്ന ഐ. ഒ. സി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന് ശേഷം ഐ. ഒ. സി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു.

ബേസ്‌ബോള്‍/ സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ലോസ് ഏഞ്ചല്‍സ് സംഘാടകരുടെ നിര്‍ദ്ദേശം അംഗീകരിച്ചതായി മുംബൈയില്‍ നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച ഐ. ഒ. സി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ്, ക്രിക്കറ്റ് എന്നിവയാണ് ഒളിംപിക്‌സിലെ അഞ്ച് പുതിയ കായിക ഇനങ്ങള്‍. ഐ. ഒ. സി യോഗത്തില്‍ അവതരിപ്പിക്കാനായി ലോസ് ഏഞ്ചല്‍സ് സംഘാടക സമിതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് തോമസ് ബാച്ച് പറഞ്ഞു.

''ഈ കായിക ഇനങ്ങള്‍ 2028ലെ ഞങ്ങളുടെ ആതിഥേയരുടെ കായിക സംസ്‌കാരവുമായി പൂര്‍ണ്ണമായും യോജിക്കുന്നു. കായിക മേഖലയില്‍ അമേരിക്കയുടെ സംസ്‌ക്കാരം വേറിട്ടതാണ്. പുതിയ കായികയിനങ്ങള്‍ ഉള്‍പ്പടുത്തുന്നതോടെ അമേരിക്കയിലും ആഗോളതലത്തിലും പുതിയ കായികതാരങ്ങളുമായും ആരാധക സമൂഹങ്ങളുമായും ഇടപഴകാന്‍ ഒളിമ്പിക് പ്രസ്ഥാനത്തിന് കഴിയും. ലോസ് ഏഞ്ചല്‍സ് 2028-ലെ പ്രാരംഭ കായിക പരിപാടിയുടെ ഭാഗമല്ലാത്ത മൂന്ന് കായിക ഇനങ്ങളെക്കുറിച്ചും ഐ. ഒ. സി എക്‌സിക്യൂട്ടീവ് യോഗം അവലോകനം ചെയ്തു,'' തോമസ് ബാച്ച് കൂട്ടിച്ചേര്‍ത്തു.

1998-ല്‍ ക്വാലാലംപൂരിലും 2022ല്‍ ബര്‍മിംഗ്ഹാമിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം 1900ല്‍ പാരീസ് ഒളിംപിക്‌സില്‍ ഏകപക്ഷീയമായ മത്സരത്തില്‍ ഇംഗ്ലണ്ട് ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്വര്‍ണമെഡല്‍ നേടിയതിന് ശേഷം ഈ കായികയിനം ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായിരുന്നില്ല.

ക്രിക്കറ്റിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 'അംഗീകാരം' നല്‍കുന്നതിന് മുമ്പ് തൃപ്തിപ്പെടുത്തേണ്ട മാനദണ്ഡങ്ങളുടെ ഒരു നീണ്ട പട്ടിക ഉണ്ടായിരുന്നു. 2005-ല്‍ സ്ത്രീകളുടെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും 2006-ല്‍ വാഡ- അനുസൃതമായ ഉത്തേജക വിരുദ്ധ കോഡ് അവതരിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ. സി. സി) ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയത്.

Latest News