Sorry, you need to enable JavaScript to visit this website.

സ്‌പെയിനിന് 25ാം തുടര്‍ ജയം, സ്‌കോട്‌ലന്റ് കാത്തിരിക്കണം

മഡ്രീഡ് - യൂറോ 2024 ന് യോഗ്യത നേടുന്ന ആദ്യ ടീമാവാനുള്ള അവസരം സ്‌കോട്‌ലന്റിന് നഷ്ടമായി. മഡ്രീഡില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സ്‌കോട്‌ലന്റ് 0-2 ന് സ്‌പെയിനിനോട് തോറ്റു. ഈ ടീമുകള്‍ തമ്മിലുള്ള ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ സ്‌കോട്‌ലന്റ് അട്ടിമറിച്ചിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളിലും ജയം തുടര്‍ന്ന അവര്‍ ഫൈനല്‍ റൗണ്ടിന്റെ വക്കിലായിരുന്നു. സ്‌പെയിനിന് സ്വന്തം നാട്ടിലെ യോഗ്യതാ റൗണ്ടുകളില്‍ തുടര്‍ച്ചയായ ഇരുപത്തഞ്ചാം വിജയമാണ് ഇത്. 
സ്‌കോട്‌ലന്റിന് ഫൈനല്‍ റൗണ്ടിലെത്താന്‍ സമനില മതിയായിരുന്നു. എഴുപതാം മിനിറ്റ് വരെ കളി ഗോള്‍രഹിതമായിരുന്നു. ആല്‍വരൊ മൊറാറ്റയും ഒയഹാന്‍ സന്‍സേതും സ്‌കോര്‍ ചെയ്തു. 15 പോയന്റുമായി സ്‌കോട്‌ലന്റ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനിനെക്കാള്‍ മൂന്ന് പോയന്റ് കൂടുതല്‍. മൂന്നാം സ്ഥാനത്തുള്ള നോര്‍വെ 4-0 ന് സൈപ്രസിനെ തോല്‍പിച്ചു. എര്‍ലിംഗ് ഹാളന്റ് രണ്ട് ഗോള്‍ നേടി. ഞായറാഴ്ച സ്‌പെയിനിനെ തോല്‍പിക്കാന്‍ നോര്‍വെക്ക് സാധിച്ചില്ലെങ്കില്‍ സ്‌കോട്‌ലന്റിന് മുന്നേറാം. 
ഗ്രൂപ്പ് ഐ-യില്‍ റുമാനിയയും ബെലാറൂസും ഗോള്‍രഹിത സമനില പാലിച്ചു. കോസൊവൊ 3-0 ന് ആന്‍ഡോറയെ കീഴടക്കി. ഗ്രൂപ്പ് ഇ-യില്‍ അല്‍ബേനിയയാണ് മുന്നില്‍. ചെക് റിപ്പബ്ലിക്കിനെ അവര്‍ 3-0 ന് കീഴടക്കി. ഫാരൊ അയലന്റ്‌സിനെ 2-0 ന് തോല്‍പിച്ച് പോളണ്ട് രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ഡി-യില്‍ ക്രൊയേഷ്യയെ മറികടന്ന് തുര്‍ക്കി മുന്നിലെത്തി. ക്രൊയേഷ്യയെ അവര്‍ 1-0 ന് തോല്‍പിച്ചു. മൂന്നാം സ്ഥാനത്തുള്ള അര്‍മീനിയയെ 2-0 ന് ലാത്വിയ കീഴടക്കി.
 

Latest News