ജിദ്ദ - സൗദി അറേബ്യയുടെ വമ്പന്‍ ഫുട്ബോള്‍ പ്രോജക്റ്റില്‍ ആകൃഷ്ടനായാണ് താന്‍ അല്‍ഇത്തിഹാദില്‍ ചേര്‍ന്നതെന്ന് ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സീമ. 14 വര്‍ഷത്തെ റയല്‍ മഡ്രീഡ് കരിയര്‍ അവസാനിപ്പിച്ചാണ് 10 കോടി യൂറോയെക്കാള്‍ കൂടുതലുള്ള കരാറില്‍ ബെന്‍സീമ ഒപ്പുവെച്ചത്. ഫ്രഞ്ച് താരം എന്‍ഗോളൊ കാണ്ടെ, ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞൊ, പോര്‍ചുഗീസ് വിംഗര്‍ ജോട എന്നിവര്‍ ബെന്‍സീമക്ക് പിന്നാലെ ഇത്തിഹാദിലെത്തി. സൗദിയുടെ ഫുട്ബോള്‍ പദ്ധതിയെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ബെന്‍സീമ വെളിപ്പെടുത്തി.
മാത്രമല്ല, ഇതൊരു മുസ്ലിം രാജ്യമാണ്. എന്നെ അവര്‍ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. സ്നേഹം അനുഭവപ്പെട്ടു. മക്ക സമീപസ്ഥമായത് മറ്റൊരു അനുഗ്രഹമാണ്. മക്കയിലെത്തിയാല്‍ വല്ലത്ത സമാധാനം അനുഭവപ്പെടുന്നു. അസാധാരണ സ്ഥലമാണ് അത് -ബെന്‍സീമ പറഞ്ഞു.
സൗദി ഫുട്ബോളിന്റെ ആവേശവും ചരിത്രവും മോഹിപ്പിക്കുന്നതാണ്. നല്ല നിലവാരവുമുണ്ട്. അതെന്നെ അദ്ഭുതപ്പെടുത്തി. യൂറോപ്പിലായിരിക്കുമ്പോള് സൗദി ഫുട്ബോള്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ യൂറോപ്പുകാര്‍ സൗദി ഫുട്ബോള്‍ കാണുന്നുണ്ട് -മുപ്പത്തഞ്ചുകാരന് പറഞ്ഞു.
സൗദി ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.






