അഹമ്മദാബാദ് - ഡെങ്കിപ്പനി ബാധിച്ചതു കാരണം ലോകകപ്പില്‍ ഇതുവരെ കളിക്കാന്‍ സാധിക്കാതിരുന്ന ഓപണര്‍ ശുഭ്മന്‍ ഗില്‍ അഹമ്മദാബാദില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. പൊതുജനങ്ങള്‍ക്കോ മീഡിയക്കോ പ്രവേശനം നല്‍കാതെ നടത്തിയ പരിശീലന സെഷനില്‍ ഗില്‍ പങ്കെടുത്തു. രാവിലെ പതിനൊന്നരക്ക് സ്റ്റേഡിയത്തിലെത്തിയ ഗില്‍ ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റ് ചെയ്തു. ബി.സി.സി.ഐ മെഡിക്കല്‍ സംഘം പരിശീലനം നിരീക്ഷിച്ചു. എങ്കിലും ശനിയാഴ്ചയിലെ പാക്കിസ്ഥാനെതിരായ കളിയില്‍ ഇറങ്ങില്ലെന്നാണ് സൂചന.
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ടീം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലെത്തിയപ്പോഴാണ് ഗില്ലിന് പനി ബാധിച്ചത്. ഗില്ലിനെ കൂടാതെയാണ് അഫ്ഗാനിസ്ഥാനെതിരായ കളിക്ക് ടീം ദല്‍ഹിയിലേക്കു വന്നത്. പിന്നീട് ഗില്ലിനെ ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ടീം ഹോട്ടലിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് അഹമ്മദാബാദിലേക്ക് തിരിച്ചത്. മറ്റ് ഇന്ത്യന്‍ കളിക്കാര്‍ വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് ദല്‍ഹിയില്‍ നിന്നെത്തി. ടീം നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും.






