അഹമ്മദാബാദ് - പാക്കിസ്ഥാന്‍ പെയ്‌സ്ബൗളര്‍ ഹസന്‍അലിക്ക് ഇത് ഭാര്യയുടെ നാട്ടിലേക്കുള്ള യാത്രയാണ്. ഹരിയാനയിലെ നൂഹിനടുത്ത ചന്ദേനി ഗ്രാമക്കാരിയാണ് ഹസന്‍അലിയുടെ ഭാര്യ സാമിയ അര്‍സൂ. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ എഞ്ചിനിയറായ സാമിയയെ യു.എ.ഇയില്‍ വെച്ചാണ് പെയ്‌സര്‍ കണ്ടുമുട്ടുന്നത്. ഫരീദാബാദിലെ മാനവരചന യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ടെക് ബിരുദമെടുത്ത സാമിയ ജെറ്റ് എയര്‍വെയ്‌സില്‍ എയര്‍ഹോഴ്‌സ്റ്റസായാണ് കരിയര്‍ തുടങ്ങിയത്.
ഒരു സുഹൃത്ത് വഴിയാണ് സാമിയയെ ഹസന്‍അലി പരിചയപ്പെട്ടത്. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി. 2021 ല്‍ മകള്‍ ജനിച്ചു. ഹസന്‍അലിയുമായുള്ള വിവാഹത്തിനു ശേഷം സാമിയക്ക് ഇന്ത്യയിലേക്ക് വിസ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നു. ലോകകപ്പ് സാമിയക്ക് ഗുഡ്ഗാവിലുള്ള കുടുംബത്തെ കാണാന്‍ നല്ല അവസരമായി.
പേരക്കുട്ടിയെ കൈയിലെടുക്കാന്‍ കൊതിയോടെ കാത്തിരിക്കുകയാണെന്ന് സാമിയയുടെ പിതാവ് ലിയാഖത്ത് ഖാന്‍ പറഞ്ഞു. 2021 ല്‍ മകള്‍ ഗര്‍ഭിണിയായതു മുതല്‍ ലിയാഖത്തിന്റെ ഭാര്യയും പാക്കിസ്ഥാനിലായിരുന്നു.






