ബംഗളൂരു - മലയാളിയായ ടി. അബൂബക്കര്‍ പരിശീലിപ്പിക്കുന്ന ഉഡുപ്പിക്കാരന് മണികണ്ഠ ഹോബഌദാര് അറുപത്തിരണ്ടാമത് ദേശീയ ഓപണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. ഹീറ്റ്സില്‍ 10.23 സെക്കന്റിലാണ് മണികണ്ഠ പറന്നെത്തിയത്. 100 മീറ്ററില്‍ 2016 മുതല്‍ അസമിന്റെ അമിയകുമാര്‍ മലിക്കിന്റെ പേരിലായിരുന്നു 10.26 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡ്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ അമിയകുമാര്‍ കൂടി ഉള്‍പ്പെട്ട സെമിഫൈനല്‍ ഹീറ്റിലാണ് മണികണ്ഠ ദേശീയ റെക്കോര്‍ഡും തകര്‍ത്ത് കുതിച്ചത്. 10.58 സെക്കന്റില്‍ അമിയകുമാര്‍ നാലാം സ്ഥാനത്തായി. സര്‍വീസസ് താരമായ മണികണ്ഠ നന്നായി തുടങ്ങുകയും ഉശിരന്‍ കുതിപ്പ് നടത്തുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന സര്‍വീസസ് ചാമ്പ്യന്‍ഷിപ്പില്‍ 10.31 സെക്കന്റില്‍ ഓടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇരുപത്തൊന്നുകാരന്.
2020 ല്‍ കരസേനയില്‍ ചേര്‍ന്ന ഉഡുപ്പിക്കാരന് ശിപായിയാണ് സേവനമനുഷ്ഠിക്കുന്നത്. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ ടി. അബൂബക്കറിന്റെ കീഴിലാണ് മണികണ്ഠ പരിശീലനം നടത്തുന്നത്.
പുരുഷന്മാരുടെ 10,000 മീറ്ററില്‍ മഹാരാഷ്ട്രയുടെ ദിനേശ് സ്വര്‍ണം നേടി. വനിതകളുടെ 10,000 മീറ്ററില്‍ ഹിമാചല്‍പ്രദേശിന്റെ സീമയാണ് ഒന്നാമത്. വനിതകളുടെ ഹാമര്‍ത്രോയില്‍ അഖിലേന്ത്യാ പോലീസ് സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡിന്റെ അന്മോള് കൗര്‍ സ്വര്‍ണം സ്വന്തമാക്കി. പുരുഷ പോള്‍വോള്‍ടില്‍ ദേവ് മീണയാണ് ചാമ്പ്യന്‍.






