ന്യൂദല്‍ഹി - രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സറടിച്ച റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മയുടെ പേരില്‍. 551 ഇന്നിംഗ്സില്‍ 553 സിക്സറടിച്ച ക്രിസ് ഗയ്ലിന്റെ റെക്കോര്‍ഡാണ് രോഹിത് 473 ഇന്നിംഗ്സില്‍ മറികടന്നത്. പാക്കിസ്ഥാന്റെ ശാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത് (476).
ഏകദിനങ്ങളില്‍ അഫ്രീദിക്കും ഗയ്ലിനും പിന്നിലാണ് രോഹിത്. ടെസ്റ്റില്‍ സിക്സറുകളുടെ കാര്യത്തില്‍ രണ്ട് ഇന്ത്യക്കാര്‍ രോഹിതിന് (77) മുന്നിലുണ്ട്. വീരേന്ദര്‍ സെവാഗും (91) എം.എസ് ധോണിയും (78). എന്നാല്‍ ട്വന്റി20യില്‍ 182 സിക്സറുമായി ഒന്നാം സ്ഥാനത്താണ്.
ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സിലെത്തിയ റെക്കോര്‍ഡിനൊപ്പവുമെത്തി രോഹിത്. രോഹിതും ഓസ്ട്രേലിയയുടെ ഡേവിഡ് വാണറും 19 ഇന്നിംഗ്സിലാണ് 1000 തികച്ചത്. സചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി എന്നീ ഇന്ത്യന്‍ കളിക്കാരും ലോകകപ്പില്‍ ആയിരത്തിലേറെ റണ്‍സെടുത്തിട്ടുണ്ട്. 2015 ലാണ് രോഹിത് ലോകകപ്പ് യാത്ര തുടങ്ങിയത്. 2019 ല്‍ അഞ്ച് സെഞ്ചുറിയടിക്കുകയും ടോപ്സ്കോററാവുകയും ചെയ്തു.






