കറാച്ചി - ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. രണ്ട് രാജ്യങ്ങളിലെ കോടിക്കണക്കിനാളുകള്‍ ജീവന്മരണ പോരാട്ടം പോലെ വീക്ഷിക്കുന്നതാണ് ഈ കളികള്‍. പക്ഷെ ലോകകപ്പില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ എല്ലായ്പോഴും ഒരേ ഫലമാണ്, ഏഴു കളികളില്‍ ഏഴും ഇന്ത്യ ജയിച്ചു.
അഞ്ചു തവണയും ടോസ് കിട്ടിയത് ഇന്ത്യക്ക് ഗുണം ചെയ്തുവോ? പിരിമുറുക്കത്തില്‍ എളുപ്പം വീണുപോവുന്ന ടീമാണോ പാക്കിസ്ഥാന്? വിശകലനങ്ങളേറെയാണ്. തോല്‍വിക്ക് പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാനില്ലെന്നാണ് മുന്‍ പാക്കിസ്ഥാന് നായകന് വസീം അക്രം പറയുന്നത്. സമ്മര്ദ്ദത്തിനടിപ്പെടുന്നതാണ് പ്രധാന കാരണമെന്ന് നാലു തവണ തോറ്റ പാക് ടീമില്‍ ഉണ്ടായിരുന്ന ഇന്‍സമാമുല്‍ ഹഖ് കരുതുന്നു. ടോസിന്റെ ഭാഗ്യവും ഇന്ത്യക്കായിരുന്നുവെന്ന് ഇന്‍സമാം അഭിപ്രായപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന് രണ്ട് തവണ ടോസ് നേടിയപ്പോഴും തലവിധി മാറിയില്ല. 2003 ലെ ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ സചിന് ടെണ്ടുല്‍ക്കറുടെ മിന്നുന്ന ബാറ്റിംഗിലാണ് പാക്കിസ്ഥാന് വീണത്. 2019 ല്‍ പാക്കിസ്ഥാന് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോള്‍ മാഞ്ചസ്റ്ററില്‍ രോഹിത് ശര്‍മ അരങ്ങു വാണു. ആ തോല്‍വിയിലാണ് സര്‍ഫറാസ് അമ്മഹദിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്.
ആദ്യ നാലു ലോകകപ്പുകളില്‍ ഇന്ത്യ-പാക്കിസ്ഥാന് മത്സരമുണ്ടായിരുന്നില്ല. 1992 ലെ ലോകകപ്പില്‍ സിഡ്നിയിലായിരുന്നു ആദ്യ മുഖാമുഖം. 217 റണ്‍സിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 43 റണ്‍സിന് കീഴടങ്ങി. എന്നാല്‍ ആ ലോകകപ്പുയര്‍ത്തിയത് പാക്കിസ്ഥാനായിരുന്നു. ഇരു രാജ്യങ്ങളും വേദിയൊരുക്കിയ 1987 ലെ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന് ഫൈനല്‍ പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ രണ്ടു ടീമുകളും സെമിഫൈനലില്‍ തോറ്റു.
1991 ലെ ലോകകപ്പില്‍ ബാംഗ്ലൂരില്‍ ഇന്ത്യയോട് തോറ്റത് പാക്കിസ്ഥാന് ടീമിനെതിരെ നാട്ടില്‍ കനത്ത രോഷത്തിനിടയാക്കി. ക്യാപ്റ്റന്‍ വസീം അക്രം പരിക്കഭിനയിച്ച് മാറി നിന്നതായി ആരോപണമുയര്‍ന്നു. കനത്ത സുരക്ഷയിലാണ് ടീം തിരിച്ചെത്തിയത്. 1999 ലെ ലോകകപ്പില്‍ ഇന്ത്യയോട് മാത്രമല്ല ബംഗ്ലാദേശിനോടും പാക്കിസ്ഥാന് തോറ്റു. ടീമിനെതിരെ ഒത്തുകളി അന്വേഷണമാണ് ഇത്തവണയുണ്ടായത്. റണ്ണേഴ്സ്അപ്പായാണ് മടങ്ങിയതെന്നതൊന്നും പാക്കിസ്ഥാന് കളിക്കാരെ രക്ഷിച്ചില്ല.
വസീമും വഖാര്‍ യൂനുസും ശുഐബ് അഖ്തറുമടങ്ങുന്ന പെയ്സാക്രമണ നിരയുണ്ടായിട്ടും 2003 ല്‍ ഇന്ത്യയെ തോല്പിക്കാന് പാക്കിസ്ഥാന് സാധിച്ചില്ല. ആറു വിക്കറ്റിന് തോറ്റു. 2011 ല്‍ മൊഹാലിയില്‍ നടന്ന സെമി ഫൈനലില്‍ പ്രധാനമന്ത്രിമാരായ മന്മോഹന് സിംഗും യൂസുഫ് റാസ ഗീലാനിയുമുള്പ്പെട്ട ഗാലറിക്കു മുന്നിലാണ് പാക്കിസ്ഥാന് കീഴടങ്ങിയത്. എന്തുകൊണ്ട് തോറ്റുവെന്ന് സത്യമായും അറിയില്ലെന്ന് അന്നത്തെ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി പറഞ്ഞു. നന്നായി കളിച്ചാണ് സെമിയിലെത്തിയത്. അഭിമാനപ്പോരാട്ടമാണെന്നും സര്‍വം നല്കി പൊരുതണമെന്നുമാണ് കളിക്കാരെ ഉപദേശിച്ചത് -അഫ്രീദി ഓര്‍ക്കുന്നു.
2015 ലെ ലോകകപ്പില്‍ വിരാട് കോലിയാണ് പാക്കിസ്ഥാന്റെ നെഞ്ചിലെ മുള്ളായത്. കോലിയുടെ സെഞ്ചുറിയില്‍ ഇന്ത്യ 76 റണ്‍സിന് ജയിച്ചു. 2019 ല്‍ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാന് 83 റണ്‍സിന് കീഴടങ്ങി.
ട്വന്റി20 ലോകകപ്പുകളിലും ആദ്യ അഞ്ച് കളികളില്‍ ഇന്ത്യയോട് പാക്കിസ്ഥാന് തോറ്റിരുന്നു. 2021 ല്‍ ദുബായില്‍ ആ പതിവ് പാക്കിസ്ഥാന് തിരുത്തി. ഏകദിനങ്ങളിലും തോല്‍വി പരമ്പര അവസാനിപ്പിക്കാന്‍ കഴിവുള്ള ടീമാണ് ഇ്പ്പോഴത്തെ പാക്കിസ്ഥാനെന്ന് അക്രം കരുതുന്നു.






