കൊച്ചി- ഏഷ്യാ ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ബാഡ്മിന്റണ്‍ ടീം പരിശീലകനായി മലയാളി രാജ്യാന്തര താരം ജോയ് ടി ആന്റണിയെ നിയമിച്ചു. ഒക്ടോബര്‍ 17 മുതല്‍ 22 വരെ ചൈനയിലെ ചെങ്ഡുവിലാണ് അണ്ടര്‍ 17 ആന്റ് അണ്ടര്‍ 15 ഏഷ്യാ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇത് രണ്ടാം തവണയാണ് ജോയ് ദേശീയ ടീം പരിശീലകനായി തിരഞ്ഞെടുക്കപ്പെടുന്നത്. 2019ല്‍ ഇന്തോനേഷ്യയില്‍ വച്ച് നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോയ് ദേശീയ ടീമിന്റെ പരിശീലകന്‍ ആയിരുന്നു.
മൂന്നു തവണ ദേശീയ ഗെയിംസിനായി കേരള ടീമിലെ കളിക്കാരനായിരുന്ന ജോയ് രണ്ടു തവണ സ്വര്‍ണവും, ഒരു തവണ വെള്ളിയും നേടിയിട്ടുണ്ട്. കേരള ടീമിനെ പ്രതിനിധീകരിച്ച് 19 തവണ മെന്‍സ് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ പങ്കെടുത്തു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. കേരള ടീം പരിശീലക സ്ഥാനവും നിരവധി തവണ അലങ്കരിച്ചിട്ടുണ്ട്.
രണ്ടാഴ്ചത്തെ പരിശീലന ക്യാംപ് ഗുവാഹത്തിയില്‍ വച്ച് നടക്കുകയാണ്. എറണാകുളം കലൂര്‍ സ്വദേശിയായ ജോയ് പരേതരായ പ്രൊഫ. ടി സി ആന്റണിയുടെയും ലൂസി ആന്റണിയുടെയും മകനാണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മാനേജരായി ജോലി ചെയ്യുകയാണ് ജോയ്.






