നാടന്‍ പാട്ടുകളുമായി മനം കവര്‍ന്ന രാജേഷ് ഖത്തറില്‍ നിര്യാതനായി

ദോഹ-നാടന്‍ പാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രവാസി മലയാളി രാജേഷ് കരിവന്തല നിര്യാതനായി. ഖത്തറിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. പനി ബാധിച്ച് ചികിത്സയിലായിരുന്നു.

ഖത്തറില്‍ ഖിലാല്‍ എന്ന സര്‍ക്കാര്‍ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് മടങ്ങി എത്തിയത്.   രണ്ട് ദിവസം പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആശുപത്രിയില്‍നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. രാവിലെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
'നല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല' എന്ന കുറിപ്പോടെ ഒക്ടോബര്‍ ഏഴിന് രാജേഷ് പങ്കുവച്ച നാടന്‍പാട്ട് ഏറെ വൈറലായിരുന്നു. ടിക്ക് ടോക്കില്‍ 38.3 സ ഫോളോവേഴ്‌സുണ്ട്.
'എന്റെ ബാല്യകാല സുഹൃത്തിനുവേണ്ടി..., കരിങ്കാളി....., പാവം കിളികള്‍ അവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല..., വല്ലാത്ത അയല്‍ക്കാരി...., രമണനും പ്രിയ മഥനനും... ആന എന്നും ഒരു വികാരമാണ്' എന്നിങ്ങനെ നിരവധി നാടന്‍പാട്ടുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലെ ജില്ലകളെക്കുറിച്ചും മലയാളികള്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഓണം അടക്കം എല്ലാ ആഘോഷദിനങ്ങളെക്കുറിച്ചും നാടന്‍പാട്ടുകളുമായി മലയാളികളുടെ മനം കവര്‍ന്നിരുന്നു.

 

Latest News