ന്യൂദല്‍ഹി - ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. 63 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ നാല് സിക്സറും 12 ബൗണ്ടറിയുമായി അഫ്ഗാനിസ്ഥാന് ബൗളിംഗിനെ താറുമാറാക്കി. സഹ ഓപണര്‍ ഇശാന് കിഷന് (47 പന്തില്‍ 47) അര്‍ധ ശതകം നഷടപ്പെട്ടെങ്കിലും ഇന്ത്യ 20 ഓവറില്‍ ഒന്നിന് 162 റണ്‍സെടുത്തു. ഇരുവരും ഓസ്ട്രേലിയക്കെതിരായ കളിയില്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായിരുന്നു. അഫ്ഗാനിസ്ഥാന്റെ എട്ടിന് 272 പിന്തുടരുകയാണ് ഇന്ത്യ.
ലോകകപ്പില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് രോഹിതിന്റേത്. 30 പന്തിലാണ് രോഹിത് അര്‍ധ ശതകം തികച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 94 റണ്‍സെടുത്തിരുന്നു. അതില്‍ എഴുപത്താറും രോഹിതിന്റെ ബാറ്റില്‍ നിന്നായിരുന്നു.
നേരത്തെ ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദിയുടെയും (88 പന്തില്‍ 80) അസ്മതുല്ല ഉമര്‍സായിയുടെയും (69 പന്തില്‍ 62) അര്‍ധ ശതകങ്ങളാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജസ്പ്രീത് ബുംറയും (10-0-39-4) ഹാര്‍ദിക് പാണ്ഡ്യയും (7-0-43-2) ബൗളിംഗിന് ചുക്കാന്‍ പിടിച്ചു. കുല്‍ദീപ് യാദവിനും (10-0-40-1) ശാര്‍ദുല്‍ താക്കൂറിനും (6-0-31-1) ഓരോ വിക്കറ്റ് കിട്ടി.






