പ്രവാസി കോർഡിനേഷൻ കമ്മിറ്റി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ- ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോർഡിനേഷൻ കമ്മിറ്റി ഖത്തർ ഭാരവാഹികൾ   ഇന്ത്യൻ അംബാസഡർ വിപുലമായി കൂടിക്കാഴ്ച നടത്തി. 
ഖത്തർ ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്തു.
നിരപരാധികളായ പ്രവാസികൾ മയക്കുമരുന്ന് ലോബിയുടെ ചതിയിൽ പെട്ട് ഖത്തറിലെ ജയിലിൽ കഴിയുന്ന വിഷയം അംബാസഡറുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ഇതിനൊരു പരിഹാരമായി ഇന്ത്യയിലെ പ്രധാന  വിമാനത്താവളങ്ങളിൽ ബാഗേജുകൾ കർശനമായ ശാസ്ത്രീയ പരിശോധന നടത്താനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.  
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി  മയക്കുമരുന്ന് ദുരുപയോഗത്തിനും അതുമൂലം ഉണ്ടാവുന്ന നിയമപരമായ പ്രശ്‌നങ്ങളും സംബന്ധിച്ചു അവബോധം നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും അതിനായി ഖത്തറിലെ പ്രവാസി സംഘടനകളുടെ  സഹകരണത്തോടെ പ്രവർത്തിക്കാൻ പിസിസിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.   
PCCQ യുടെ നേതൃത്വത്തിൽ  നടന്നുവരുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ  പ്രവർത്തനങ്ങൾ  പ്രതിനിധികൾ വിശദീകരിക്കുകയും എംബസിയുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. 
ചെയർമാൻ അഡ്വ. (ഡോ) നിസാർ കോച്ചേരി, മഷ്ഹൂദ് വി.സി (ജനറൽ കൺവീനർ), കെ.സി. അബ്ദുൾ ലത്തീഫ് (വൈസ് ചെയർമാൻ), ഖലീൽ എ.പി (കൺവീനർ), സമീൽ അബ്ദുൾ വാഹിദ് (ചെയർമാൻ ഐ.ടി) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
-സാദിഖ് ചെന്നാടൻ

Tags

Latest News