ഹൈദരാബാദ് - പേശിവലിവുമൂലം ശരീരമാസകലം വേദനിച്ച് പുളഞ്ഞിട്ടും മുഹമ്മദ് രിസ്‌വാന്‍ പുറത്തെടുത്ത മാസ്റ്റര്‍ക്ലാസ് സെഞ്ചുറി ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ചു. ഇരു ടീമിലെയും രണ്ടു വീതം കളിക്കാര്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ആറു വിക്കറ്റിന് പാക്കിസ്ഥാന്‍ ജയിച്ചു. 80 റണ്‍സ് പിന്നിട്ടതു മുതല്‍ ഇരുകാലിലും നില്‍ക്കാന്‍ പ്രയാസപ്പെട്ട രിസ്‌വാന്‍ 121 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം പുറത്താവാതെ 131 റണ്‍സെടുത്തു. 10 പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ ആറു വിക്കറ്റിന് ജയിച്ചു.
കുശാല്‍ മെന്‍ഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ചുറികളില്‍ ഒമ്പതിന് 344 റണ്‍സെടുത്ത ശ്രീലങ്കക്കെതിരെ പാക്കിസ്ഥാന്റെ തുടക്കം അലങ്കോലമായിരുന്നു. ഓപണര്‍ ഇമാമുല്‍ ഹഖും (12) ക്യാപ്റ്റന്‍ ബാബര്‍ അസമും (10) എളുപ്പം പുറത്തായി. ഓപണര്‍ അബ്ദുല്ല ശഫീഖും (103 പന്തില്‍ 113) രിസ്‌വാനുമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ശഫീഖ് സബ്സ്റ്റിറ്റിയൂട്ട് ഹേമന്തയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. ലോകകപ്പ് ചരിത്രത്തില്‍ ഉയര്‍ന്ന റണ്‍ചെയ്‌സാണ് ഇത്. 2011 ല്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്റ് 328 റണ്‍സെടുത്ത് ജയിച്ചതാണഅ ഇതുവരെ ലോകകപ്പ് റെക്കോര്‍ഡ്. 14 ന് ഇന്ത്യയുമായാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
കുശാല്‍ പെരേരയെ (0) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷമാണ് ശ്രീലങ്ക തിരിച്ചടിച്ചത്. കുശാല്‍ മെന്‍ഡിസിനെ ഇമാമുല്‍ ഹഖ് കൈവിട്ടത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. പത്തും നിസങ്കയും (61 പന്തില്‍ 51) മെന്‍ഡിസും (77 പന്തില്‍ 122) രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ചേര്‍ത്തു.
നിസങ്കയെ സ്പിന്നര്‍ ശാദബ് ഖാന്‍ പുറത്താക്കിയ ശേഷം സമരവിക്രമയും (89 പന്തില്‍ 108) മെന്‍ഡിസും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 41 ഓവറില്‍ നാലിന് 294 ലെത്തിയ ശേഷമാണ് ശ്രീലങ്കയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പാക്കിസ്ഥാന് സാധിച്ചത്. അവസാന ഒമ്പതോവറില്‍ 50 റണ്‍സ് നേടാനേ ശ്രീലങ്കക്ക് സാധിച്ചുള്ളൂ.
പെയ്‌സ്ബൗളര്‍മാരായ ഹസന്‍അലിയും (10-0-71-4) ഹാരിസ് റഊഫും (10-0-64-2) ആറ് വിക്കറ്റ് പങ്കുവെച്ചു. ശാഹീന്‍ ഷാ അഫ്‌രീദിയാണ് ഏറെ നിരാശപ്പെടുത്തിയത് (9-0-66-1).






