ഹൈദരാബാദ് - പേശിവലിവുമൂലം ശരീരമാസകലം വേദനിച്ച് പുളഞ്ഞിട്ടും മുഹമ്മദ് രിസ്‌വാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ലോകകപ്പിലെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം ആവേശാന്ത്യത്തിലേക്ക്. ഒമ്പതോവറും ഏഴ് വിക്കറ്റും ശേഷിക്കെ പാക്കിസ്ഥാന് 70 റണ്‍സ് വേണം ജയിക്കാന്‍. ശ്രീലങ്കയുടെ ഒമ്പതിന് 344 പിന്തുടരുന്ന പാക്കിസ്ഥാന്‍ 41 ഓവറില്‍ മൂന്നിന് 275 ലെത്തി. രിസ്‌വാന്‍ വേദന കാരണം ബുദ്ധിമുട്ടിയതോടെ പാക്കിസ്ഥാന്‍ റണ്‍സ് വരള്‍ച്ച നേരിടുകയാണ്. ഓപണര്‍ ഇമാമുല്‍ ഹഖും (12) ക്യാപ്റ്റന്‍ ബാബര്‍ അസമും (10) എളുപ്പം പുറത്തായ ശേഷം ഓപണര്‍ അബ്ദുല്ല ശഫീഖും (103 പന്തില്‍ 113) രിസ്‌വാനുമാണ് (97 പന്തില്‍ 100 നോട്ടൗട്ട്) പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ശഫീഖ് സബ്സ്റ്റിറ്റിയൂട്ട് ഹേമന്തയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്.
നേരത്തെ കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും സെഞ്ചുറികളടിച്ചതോടെ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. കുശാല്‍ പെരേരയെ (0) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷമാണ് ശ്രീലങ്ക തിരിച്ചടിച്ചത്. കുശാല്‍ മെന്‍ഡിസിനെ ഇമാമുല്‍ ഹഖ് കൈവിട്ടത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. പത്തും നിസങ്കയും (61 പന്തില്‍ 51) മെന്‍ഡിസും (77 പന്തില്‍ 122) രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ചേര്‍ത്തു.
നിസങ്കയെ സ്പിന്നര്‍ ശാദബ് ഖാന്‍ പുറത്താക്കിയ ശേഷം സമരവിക്രമയും (89 പന്തില്‍ 108) മെന്‍ഡിസും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 41 ഓവറില്‍ നാലിന് 294 ലെത്തിയ ശേഷമാണ് ശ്രീലങ്കയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പാക്കിസ്ഥാന് സാധിച്ചത്. അവസാന ഒമ്പതോവറില്‍ 50 റണ്‍സ് നേടാനേ ശ്രീലങ്കക്ക് സാധിച്ചുള്ളൂ.
പെയ്‌സ്ബൗളര്‍മാരായ ഹസന്‍അലിയും (10-0-71-4) ഹാരിസ് റഊഫും (10-0-64-2) ആറ് വിക്കറ്റ് പങ്കുവെച്ചു. ശാഹീന്‍ ഷാ അഫ്‌രീദിയാണ് ഏറെ നിരാശപ്പെടുത്തിയത് (9-0-66-1).






