ഇന്ത്യxഅഫ്ഗാനിസ്ഥാന്‍
ന്യൂദല്‍ഹി, ബുധന്‍ രാവിലെ 11.30
ന്യൂദല്‍ഹി - ഓസ്‌ട്രേലിയയുടെ പെയ്‌സാക്രമണത്തെ ബൗണ്ടറി കടത്തിയ ഇന്ത്യ ലോകകപ്പില്‍ ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ സ്പിന്‍ പടയെ നേരിടുന്നു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വാങ്ങിയ അഫ്ഗാനിസ്ഥാന് തിരിച്ചുവരവ് പ്രയാസമായിരിക്കും. ട്വന്റി20യില്‍ അഫ്ഗാനിസ്ഥാന്‍ ഗണനീയമായ ശക്തിയാണെങ്കിലും ഏകദിനങ്ങളില്‍ ആ മികവ് നിലനിര്‍ത്താന്‍ അവര്‍ക്കാവില്ല. പരിചയസമ്പത്തില്‍ ഇരു ടീമുകളും തമ്മില്‍ അജഗജാന്തരമുണ്ട്. കഴിഞ്ഞ ലോകകപ്പിനു ശേഷം അഫ്ഗാനിസ്ഥാന്‍ കളിച്ചത് 29 ഏകദിനങ്ങള്‍ മാത്രമാണ്. അവര്‍ ആകെ കളിച്ച ഏകദിനങ്ങള്‍ 153 മാത്രം. പല ഇന്ത്യന്‍ കളിക്കാരും ഇതിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 153 ഏകദിനങ്ങളില്‍ അവര്‍ 300 കടന്നത് ഏഴു തവണ മാത്രമാണ്. ഒട്ടും ആഴമില്ലാത്തതാണ് അവരുടെ ബാറ്റിംഗ് നിര.
ചെന്നൈയിലേതു പോലെ സ്പിന്നനുകൂലമല്ല ഫിറോസ് ഷാ കോട്‌ലയിലെ പിച്ച്. ബൗണ്ടറി ചെറുതാണ്. അതിനാല്‍ ആര്‍. അശ്വിനെ പുറത്തിരുത്തി ഇന്ത്യ ശാര്‍ദുല്‍ താക്കൂറിനെയോ മുഹമ്മദ് ഷമിയെയോ കളിപ്പിച്ചേക്കും. ശ്രീലങ്കക്കെതിരായ കളിയില്‍ ഈ ഗ്രൗണ്ടിലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് സ്‌കോര്‍ അടിച്ചെടുത്തത്. അയ്ദന്‍ മാര്‍ക്‌റം ഫാസ്റ്റസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി.
ഓസ്‌ട്രേലിയക്കെതിരെ രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവും അഞ്ചു വിക്കറ്റ് പങ്കുവെച്ചിരുന്നു. പിന്നീട് 12 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമാണ് ഇന്ത്യ വിജയത്തിലേക്ക് ചുവട് വെച്ചത്.
അഫ്ഗാനിസ്ഥാനുമായി മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. രണ്ടെണ്ണം ഇന്ത്യ ജയിച്ചു. 2018 ലെ ഏഷ്യന്‍ കപ്പിലെ രണ്ടാമത്തെ കളി ടൈ ആയി.






