ഫറ്റോര്‍ഡ - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ പ്രാഥമിക റൗണ്ടില്‍ കേരളം ബുധനാഴ്ച ഗുജറാത്തിനെതിരെ പോരാട്ടം തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം. ഏഴു തവണ ചാമ്പ്യന്മാരായ കേരളം ഗ്രൂപ്പ് എ-യിലാണ്. ആതിഥേയരായ ഗോവ, ജമ്മുകശ്മീര്‍, ഛത്തിസ്ഗ്ഢ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ഗുജറാത്ത് 2-1 ജമ്മുകശ്മീരിനെയും ഗോവ 1-0 ന് ഛത്തിസ്ഗഢിനെയും തോല്‍പിച്ചു.
ആറ് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട്. ആറ് ഒന്നാം സ്ഥാനക്കാരും മൂന്ന് മികച്ച രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും. അരുണാചല്‍പ്രദേശിലായിരിക്കും ഫൈനല്‍ റൗണ്ട്. നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക, റണ്ണേഴ്‌സ്അപ് മേഘാലയ, ആതിഥേയരായ അരുണാചല്‍ ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് ബൈ നല്‍കിയിരിക്കുകയാണ്. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന ഫൈനല്‍ റൗണ്ടില്‍നിന്ന് നാല് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരെന്ന നിലയില്‍ ടൂര്‍ണമെന്റ് കളിച്ച കേരളത്തിന് സെമിഫൈനലിലേക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല.
2018 ല്‍ കേരളത്തിന് കിരീടം നേടിത്തന്ന സതീവന്‍ ബാലനാണ് ഇത്തവണ കോച്ച്. പി.കെ അസീസ് അസിസ്റ്റന്റ് കോച്ചും ഹര്‍ഷല്‍ റഹ്മാന്‍ ഗോള്‍കീപ്പിംഗ് കോച്ചുമാണ്. മിഡ്ഫീല്‍ഡര്‍ നിജൊ ഗില്‍ബര്‍ട് ടീമിനെ നയിക്കുന്നു. ഡിഫന്റര്‍ ജി സഞ്ജുവാണ് വൈസ് ക്യാപ്റ്റന്‍.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലായിരുന്നു കേരളത്തിന്റെ ഒരുക്കം. മഴ കാരണം പരിശീലനം അലങ്കോലമായിരുന്നു. ഇരുപത്തിരണ്ടംഗ ടീമില്‍ പത്ത് കളിക്കാര്‍ക്ക് സന്തോഷ് ട്രോഫിയില്‍ അരങ്ങേറ്റമാണ്.






