നിയോണ്‍ - 2028 ലെ യൂറോ കപ്പ് ഫുട്ബോള്‍ ബ്രിട്ടനിലും അയര്ലന്റിലുമായി നടത്താന്‍ യുവേഫ തീരുമാനിച്ചു. 2032 ലെ യൂറോ കപ്പ് ഇറ്റലിക്കും തുര്‍ക്കിക്കും അനുവദിച്ചു. 2028 ലെ യൂറോ കപ്പ് വേദിക്കുള്ള ശ്രമത്തില്‍ നിന്ന് തുര്‍ക്കി പിന്മാറിയതോടെയാണ് ഒത്തുതീര്‍പ്പായത്. 2024 ലെ യൂറോ കപ്പ് ജര്‍മനിയിലാണ്.
ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്റ്, അയര്‍ലന്റ്, സ്കോട്ലന്റ്, വെയ്ല്‍സ് എന്നിവിടങ്ങളിലായി നടക്കുന്ന 2028 ലെ യൂറോ കപ്പില്‍ 10 സ്റ്റേഡിയങ്ങളാണ് ഉപയോഗിക്കുക. വെംബ്ലി (ലണ്ടന്‍), നാഷനല്‍ സ്റ്റേഡിയം (കാര്‍ദിഫ്), ഹാംദന്‍ പാര്‍ക്ക് (ഗ്ലാസ്ഗൊ), അവീവ സ്റ്റേഡിയം (ഡബഌന്‍) എന്നിവയായിരിക്കും പ്രധാന കളിക്കളങ്ങള്‍. അഞ്ച് നാടുകള്‍ക്കിടയില്‍ എങ്ങനെയാണ് മത്സരം വീതിക്കുകയെന്ന് വ്യക്തമല്ല. 90,000 പേര്‍ക്കിരിക്കാവുന്ന വെംബ്ലിയിലായിരിക്കും സെമിഫൈനലുകളും ഫൈനലും. 2021 ല്‍ നടന്ന യൂറോ കപ്പ് ഫൈനലിന് വേദിയൊരുക്കിയത് വെംബ്ലിയായിരുന്നു. ഇംഗ്ലണ്ടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഇറ്റലി ചാമ്പ്യന്മാരാവുകയായിരുന്നു. അഞ്ച് ആതിഥേയരുള്ളതിനാല് ചിലതിന് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാന്‍ സാധിച്ചില്ലെന്നു വരാം. ഇംഗ്ലണ്ട് 1996 ലും യൂറോ കപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ലോകകപ്പുകള്‍ക്ക് യോഗ്യത നേടാനാവാതിരുന്ന ഇറ്റലി നാലാം തവണയാണ് യൂറോ കപ്പിന്റെ ആതിഥേയരാവുക. 1968, 1980 ലും ആതിഥേയരായിരുന്ന അവര്‍ 2020 ലെ യൂറോയില്‍ റോമില്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. തുര്‍ക്കി ആദ്യമായാണ് യൂറോ കപ്പ് നടത്തുക. 2002 ലെ മൂന്നാം സ്ഥാനത്തിനു ശേഷം ലോകകപ്പ് കളിച്ചിട്ടില്ലാത്ത തുര്‍ക്കി കഴിഞ്ഞ രണ്ട് യൂറോ കപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.






