ന്യൂദല്‍ഹി - ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാക്കിസ്ഥാന്‍ പ്രസന്റര്‍ സൈനബ് അബ്ബാസിനെ ഇന്ത്യ നാടു കടത്തിയെന്ന വാര്‍ത്ത ഐ.സി.സി നിഷേധിച്ചു. സൈനബ് വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യ വിട്ടതെന്ന് ഐ.സി.സി വിശദീകരിച്ചു.
ഇന്ത്യയെയും ഹിന്ദു വികാരത്തെയും ഹനിക്കുന്ന രീതിയില്‍ മുമ്പ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ സൈനബിനെ തിരിച്ചയച്ചുവെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. ഐ.സി.സിയുടെ ഡിജിറ്റല്‍ കവറേജ് സംഘത്തിന്റെ ഭാഗമായിരുന്നു സൈനബ്.
സുരക്ഷാ ഭീതി കാരണമാണ് സൈനബ് ഇന്ത്യ വിട്ടതെന്നാണ് സൂചന. വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകന്‍ സൈനബിനെതിരെ അധികൃതരെ സമീപിച്ചിരുന്നു. ന്യൂദല്‍ഹിയെ ചാണകം മണിക്കുന്നുവെന്ന് സൈനബ് പത്ത് വര്‍ഷം മുമ്പ് നടത്തിയതായി പറയുന്ന ട്വീറ്റാണ് വിനീത് ചൂണ്ടിക്കാട്ടിയത്. കശ്മീരിനെക്കുറിച്ച അഭിപ്രായങ്ങളും എടുത്തുകാട്ടി. ബി.സി.സി.ഐക്കും അദ്ദേഹം പരാതി നല്‍കിയിരുന്നു.
പാക്കിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ജേണലിസ്റ്റുകള്‍ക്കും വിസ നല്‍കുന്നത് ഇന്ത്യ വൈകിക്കുകയാണ്. ഇതിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ സമീപിച്ചിരിക്കുകയാണ്. ഐ.സി.സി അക്രഡിറ്റേഷന്‍ ലഭിച്ച 60 പാക്കിസ്ഥാന്‍ ജേണലിസ്റ്റുകള്‍ക്ക് വിസ ലഭ്യമാക്കാന്‍ ബി.സി.സി.ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഐ.സി.സി വ്യക്തമാക്കി. എന്നാല്‍ പാക് ആരാധകര്‍ക്ക് വിസ അനുവദിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. പാക്കിസ്ഥാന്‍ ടീമിന് പോലും പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ വിസ ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ ഐ.സി.സി പരിഹരിക്കേണ്ടതായിരുന്നുവെന്ന് പി.സി.ബി കുറ്റപ്പെടുത്തി.
തന്റെ ട്വീറ്റുകള്‍ അനവസരത്തില്‍ എടുത്താണ് പരാതിയുന്നയിച്ചതെന്നും പ്രസന്റര്‍ എന്ന തൊഴിലിന്റെ ഭാഗമായി നടത്തിയതല്ല അവയെന്നും സൈനബ് പറഞ്ഞു.






