ഇതാ അര്‍ജന്റീനയുടെ രക്ഷകന്‍, നാല്‍പതുകാരന്‍ സ്‌കാലോണി

ജോര്‍ജെ സാംപോളിക്ക് കഴിയാത്തത് നാല്‍പതുകാരന്‍ ലിയണല്‍ സ്‌കാലോണിക്ക് കഴിയുമോ? ലോകകപ്പില്‍ നിരാശപ്പെടുത്തിയതോടെ സാംപോളിയുമായി വേര്‍പിരിഞ്ഞ അര്‍ജന്റീന സ്‌കാലോണിയെ പുതിയ കോച്ചായി നിയമിച്ചിരിക്കുകയാണ്. ലോകകപ്പില്‍ സാംപോളിയുടെ അസിസ്റ്റന്റായിരുന്നു. മുന്‍ അര്‍ജന്റീനാ താരം പാബ്‌ലൊ അയ്മാര്‍ പുതിയ കോച്ചിനെ സഹായിക്കാനുണ്ടാവും. അര്‍ജന്റീനയുടെ അണ്ടര്‍-20 ടീമിന്റെ കോച്ചായിരുന്നു സ്‌കാലോണി. അടുത്ത മാസം ഗ്വാട്ടിമാലയെയും കൊളംബിയയെയും അര്‍ജന്റീന സൗഹൃദ മത്സരങ്ങളില്‍ നേരിടുമ്പോള്‍ സ്‌കാലോണി സൈഡ് വരക്കടുത്തുണ്ടാവും. 
2006 ലെ ലോകകപ്പില്‍ ലിയണല്‍ മെസ്സിക്കൊപ്പം അര്‍ജന്റീനാ ടീമിലുണ്ടായിരുന്നു സ്‌കാലോണി. മെസ്സിയെ പോലെ കരിയറിന്റെ മഹാഭൂരിഭാഗവും സ്‌പെയിനിലാണ് ചെലവിട്ടത്. ഡിപോര്‍ടിവോയുടെ കളിക്കാരനായിരുന്നു. മെസ്സിയെ പോലെ അര്‍ജന്റീനയിലെ റൊസാരിയോക്കാരനുമാണ്. 
 

Latest News