ഹൈദരാബാദ് -മിച്ചല്‍ സാന്റ്നറുടെ കൈക്കരുത്തിന് മുന്നില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഡച്ചിന്റെ ഓറഞ്ച് വാടി. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ കശക്കിയ ന്യൂസിലാന്റ് മറ്റൊരു ആധികാരിക പ്രകടനത്തിലൂടെ പോയന്റ് പട്ടികയില്‍ മുന്നിലെത്തി. അവസാന ഓവറുകളില്‍ സാന്റ്നര്‍ ഏഴിന് 322 ലെത്തിയ ന്യൂസിലാന്റ് എതിരാളികളെ 46.3 ഓവറില്‍ 223 ന് ചുരുട്ടിക്കെട്ടി. 99 റണ്‍സിന്റെ ഉജ്വല വിജയം. സാന്റ്നര്‍ അഞ്ചു വിക്കറ്റെടുത്തു. മാറ്റ് ഹെന്റി മൂന്നും. നെതര്‍ലാന്റ്സിന്റെ രണ്ടാം തോല്‍വിയാണ് ഇത്. ആദ്യ കളിയില്‍ അവര്‍ പാക്കിസ്ഥാനോട് തോറ്റിരുന്നു.
ഓപണര്‍ വില്‍ യംഗ് (80 പന്തില്‍ 70) രചിന് രവീന്ദ്ര (51 പന്തില്‍ 51) ക്യാപ്റ്റന്‍ ടോം ലേതം (46 പന്തില്‍ 53) എന്നിവരുടെ അര്‍ധ ശതകങ്ങളില്‍ കുതിച്ച കിവീസ് സാന്റ്നറിലൂടെയും (17 പന്തില്‍ 36 നോട്ടൗട്ട്) ഹെന്റിയിലൂടെയും (4 പന്തില്‍ 10 നോട്ടൗട്ട്) ഒടുക്കം കെങ്കേമമാക്കി. ബൗളിംഗിലും ഈ ജോഡി കിവീസിനെ മുന്നില്‍ നിന്ന് നയിച്ചു.
ഉദ്ഘാടന മത്സരത്തിലെ സെഞ്ചൂറിയന്‍ ഡെവോണ്‍ കോണ്‍വെയും (40 പന്തില്‍ 32) യംഗുമാണ് കിവീസ് ഇന്നിംഗ്സിന് അടിത്തറയിട്ടത്. ആദ്യ കളിയിലെ രണ്ടാമത്തെ സെഞ്ചൂറിയന്‍ രചിന് രവീന്ദ്രയും ലേതമും കടിഞ്ഞാണേറ്റെടുത്തു.ഡാരില്‍ മിച്ചലിന് (47 പന്തില്‍ 48) കഷ്ടിച്ച് അര്‍ധ ശതകം നഷ്ടപ്പെട്ടു. വാന്‍ മീക്കറനും ആര്യന് ദത്തും വാന്‍ഡര്‍ മെര്‍വും രണ്ടു വീതം വിക്കറ്റ് സ്വന്തമാക്കി.
കോളിന് അക്കര്മാന് (73 പന്തില്‍ 69) അര്‍ധ ശതകം നേടിയെങ്കിലും ഒരു ഘട്ടത്തിലും നെതര്‍ലാന്റ്സ് വിജയപ്രതീക്ഷ പുലര്‍ത്തിയില്ല. ആദ്യ ഏഴ് ബാറ്റര്‍മാരും രണ്ടക്കത്തിലെത്തിയെങ്കിലും 21 കടന്നത് അക്കര്മാന് മാത്രം. സാന്റ്നറും (10-0-59-5) ഹെന് റിയും (8.3-0-40-3) എട്ട് വിക്കറ്റ് പങ്കുവെച്ചു.






