Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിൽ ഇന്ത്യൻ നായകന്റെ  കന്നി സെഞ്ചുറിക്ക് കനകത്തിളക്കം

ബേമിംഗ്ഹാം - ടീം പ്രതിസന്ധിയുടെ നൂൽപാലം കടക്കവെ സ്വർണത്തിളക്കമുള്ള സെഞ്ചുറിയോടെ വിരാട് കോഹ്‌ലി ഇന്ത്യയുടെ രക്ഷകനായി. ഏതാണ്ട് ഒറ്റയാനായി പൊരുതിയ കോഹ്‌ലി ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ ഒപ്പത്തിനൊപ്പമെത്തിച്ചു. കോഹ്‌ലിയുടെ ഇരുപത്തിരണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇതെങ്കിലും കരിയറിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന സെഞ്ചുറിക്കാണ് എജ്ബാസ്റ്റൺ സാക്ഷിയായത്. അഞ്ചിന് നൂറിലേക്കും എട്ടിന് 182 ലേക്കും തകർന്ന ഇന്ത്യയെ 274 ലെത്തിച്ചാണ് കോഹ്‌ലി (149) അവസാനമായി മടങ്ങിയത്. പിന്നീട് ഒമ്പത് റൺസെടുക്കുമ്പോഴേക്കും ഇംഗ്ലണ്ട് ഓപണർ അലസ്റ്റർ കുക്കിനെ (0) പുറത്താക്കാനും ഇന്ത്യക്ക് സാധിച്ചു. ആദ്യ ഇന്നിംഗ്‌സിന്റെ ആവർത്തനമെന്നു തോന്നിയ രീതിയിൽ ആർ. അശ്വിനാണ് ഇംഗ്ലണ്ട് മുൻ നായകനെ ബൗൾഡാക്കിയത്. രാവിലെ ഒമ്പതിന് 285 ൽ ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് റൺസ് കൂടിയേ ചേർക്കാനായുള്ളൂ. സാം കരണിനെ (24) മുഹമ്മദ് ഷാമി പുറത്താക്കി. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 22 റൺസ് ലീഡുണ്ട്.
ഫലത്തിൽ രണ്ടാം ഇന്നിംഗ്‌സിലെ പോരാട്ടമായി ഈ മത്സരത്തെ മാറ്റിയതിന് കോഹ്‌ലിക്ക് ഇന്ത്യ നന്ദി പറയണം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ വൻ പരാജയമായി മാറിയ കോഹ്‌ലി ഇത്തവണ അതിന് പ്രായശ്ചിത്തം ചെയ്യുമോയെന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഈ പരമ്പര. കിട്ടിയ ആദ്യ അവസരം തന്നെ കോഹ്‌ലി അതിന് മറുപടി നൽകി. അവസാന ബാറ്റ്‌സ്മാനായ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് സെഞ്ചുറി പൂർത്തിയാക്കിയ ശേഷം തന്റെ വിവാഹ മോതിരത്തിൽ മുത്തമിട്ടാണ് കോഹ്‌ലി അത് ആഘോഷിച്ചത്. 
നേരത്തെ നാലു വിക്കറ്റെടുത്ത സാം കരണും രണ്ടു വിക്കറ്റുമായി ബെൻ സ്റ്റോക്‌സും ഇന്ത്യയെ ഏതാണ്ട് മുട്ടുകുത്തിച്ചതായിരുന്നു. കോഹ്‌ലിയെ സ്ലിപ്പിൽ ഡേവിഡ് മലൻ രണ്ടു തവണ കൈവിട്ടതിന് ഇംഗ്ലണ്ടിന് വൻ വില കൊടുക്കേണ്ടി വന്നു. 21 ലും 51 ലുമാണ് കോഹ്‌ലിക്ക് ജീവൻ കിട്ടിയത്. ആദ്യം ജെയിംസ് ആൻഡേഴ്‌സനും പിന്നീട് സ്റ്റോക്‌സുമായിരുന്നു നിർഭാഗ്യവാന്മാരായ ബൗളർമാർ. ഇംഗ്ലണ്ട് സ്‌കോറിന് 13 റൺസ് അരികിലെത്താൻ കോഹ്‌ലി ഇന്ത്യയെ സഹായിച്ചു. 2014 ലെ പരമ്പരയിലെ അഞ്ച് ടെസ്റ്റിൽ ആകെ 134 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 
കോഹ്‌ലി 97 ലെത്തി നിൽക്കെയാണ് അവസാന ബാറ്റ്‌സ്മാൻ ഉമേഷ് കൂട്ടെത്തിയത്. ഇന്ത്യൻ സ്‌കോർ അപ്പോൾ ഒമ്പതിന് 217 ആയിരുന്നു. സ്റ്റോക്‌സിനെ തന്റെ പതിനാലാം ബൗണ്ടറിക്കായി ലൈറ്റ് കട്ട് ചെയ്ത് കോഹ്‌ലി സെഞ്ചുറി പൂർത്തിയാക്കി. പിന്നീട് ഉമേഷിനെ നോൺസ്‌ട്രൈക്കിംഗ് എൻഡിൽ നിർത്തി കോഹ്‌ലി തകർത്തടിച്ചു. ഒടുവിൽ സ്പിന്നർ ആദിൽ റഷീദിനെ ബൗണ്ടറി കടത്താൻ ശ്രമിക്കവെ ബാക്‌വേഡ് പോയന്റിൽ സ്റ്റുവാർട് ബ്രോഡിന്റെ കൈയിലവസാനിക്കുകയായിരുന്നു. അഞ്ചു മണിക്കൂറോളം പൊരുതിയ നായകൻ 22 ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു. 
അവസാന വിക്കറ്റിൽ നേടിയ 57 റൺസിൽ ഉമേഷിന്റെ സംഭാവന ഒരു റൺ മാത്രമാണ്. ഉമേഷിനെ സമർഥമായി സ്‌ട്രൈക്കിൽ നിന്ന് മാറ്റിനിർത്തിയ കോഹ്‌ലി പുറത്താവുന്നതിന് മുമ്പിലത്തെ പന്താണ് സിക്‌സറിന് പായിച്ചത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പരിഹസിച്ചതൊക്കെ മറന്ന ഗാലറി കോഹ്‌ലിയെ എഴുന്നേറ്റു നിന്ന് ആദരിച്ചു. 
ലഞ്ചിന് മുമ്പ് എട്ട് പന്തിനിടയിൽ കറൺ മൂന്നു വിക്കറ്റെടുത്തതോടെ അക്ഷരാർഥത്തിൽ ഇന്ത്യക്ക് കറണ്ടടിക്കുകയായിരുന്നു. മുരളി വിജയ് (20), ലോകേഷ് രാഹുൽ (4), ശിഖർ ധവാൻ (26) എന്നിവരെ ഇരുപതുകാരൻ ഓൾറൗണ്ടർ പുറത്താക്കിയതോടെ ഇന്ത്യ മൂന്നിന് 59 ലേക്ക് തകർന്നു. ലഞ്ചിന് ശേഷം നന്നായി സ്വിംഗ് ചെയ്ത പന്ത് നേരിടാനാവാതെ ഇന്ത്യൻ ബാറ്റിംഗ് നിര കുഴങ്ങി. അജിൻക്യ രഹാനെയെയും (15) ദിനേശ് കാർത്തികിനെയും (0) തുടർച്ചയായ ഓവറുകളിൽ സ്റ്റോക്‌സ് മടക്കി. 21 ലുള്ളപ്പോൾ മലന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട കോഹ്‌ലി മൂന്നു തവണ എഡ്ജ് ചെയ്തത് ഫീൽഡർമാരിൽ നിന്ന് അൽപമകന്നു. 40 ലെത്തിയതോടെ കഴിഞ്ഞ പരമ്പരയിലെ തന്റെ ടോപ്‌സ്‌കോർ കോഹ്‌ലി മറികടന്നു. 51 ലുള്ളപ്പോൾ മറ്റൊരു എഡ്ജ് ഡൈവ് ചെയ്ത മലന്റെ വലങ്കൈയിൽനിന്ന് വഴുതിമാറി. പിന്നീടങ്ങോട്ട് ഇന്ത്യൻ നായകൻ മാസ്മരിക ഫോമിലായി. സ്‌ട്രോക്കുകളുടെ വൈവിധ്യം ഗാലറിയെ വിസ്മയിപ്പിച്ചു. 
രാവിലെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 10 പന്ത് കൂടിയേ നീണ്ടുള്ളൂ. കറണിനെ ഷാമിയുടെ ബൗളിംഗിൽ ദിനേശ് കാർത്തിക് പിടിച്ചു. ഷാമിയുടെ മൂന്നാം വിക്കറ്റായിരുന്നു ഇത്. 

Latest News