ലോകകപ്പിനിടെ സുരക്ഷാ വീഴ്ച, ബ്രിട്ടിഷ് കോമാളി ഗ്രൗണ്ടിലിറങ്ങി

ചെന്നൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ബ്രിട്ടിഷ് കോമാളി ഡാനിയേല്‍ ജാര്‍വിസ് സുരക്ഷ സേനയെ കബളിപ്പിച്ച് ഇന്ത്യയുടേതെന്ന് തോന്നിക്കുന്ന ജഴ്‌സിയണിഞ്ഞ് എം.എ ചിദംബരം സ്‌റ്റേഡിയത്തിലിറങ്ങി. ജാര്‍വൊ 69 എന്നെഴിതിയ ആള്‍ ഗ്രൗണ്ടിലിറങ്ങുന്നതു കണ്ട് മുപ്പതിനായിരത്തോളം കാണികള്‍ അമ്പരന്നു. വിരാട് കോലിയെ സമീപിച്ച ജാര്‍വിസിനെ പിന്തുടര്‍ന്നെത്തിയ സുരക്ഷാ സംഘാംഗങ്ങള്‍ പിടിച്ചുകൊണ്ടുപോയി. 
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ വേണമോയെന്ന കാര്യം പരിശോധിക്കുമെന്ന് ഐ.സി.സി അറിയിച്ചു. ഇയാള്‍ ഇന്ത്യയില്‍ ഇനി കളിക്കളങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും വിഷയം ഇന്ത്യന്‍ അധികൃതര്‍ കൈകാര്യം ചെയ്യുമെന്നും ഐ.സി.സി അറിയിച്ചു. 
2021 ല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ മൂന്നു തവണ ജാര്‍വിസ് ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഓവലില്‍ ജോണി ബെയര്‍സ്‌റ്റോയുമായി കൂട്ടിയിടിച്ചു. 
ഒരു പാക്കിസ്ഥാന്‍കാരന് പോലും വിസ അനുവദിക്കാതിരുന്ന ഇന്ത്യന്‍ അധികൃതര്‍ എങ്ങനെയാണ് ജാര്‍വിസിന് വിസ നല്‍കിയതെന്ന് വിസ്ഡന്‍ ക്രിക്കറ്റ് ജേണലിസ്റ്റ് ബെന്‍ ഗാര്‍ഡനര്‍ ചോദിച്ചു. പാക്കിസ്ഥാന്‍ ടീമിന് പോലും പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ വിസ ലഭിച്ചിരുന്നില്ല.
 

Latest News