ചെന്നൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും പ്രയാസകരമായ മത്സരങ്ങളിലൊന്നെന്ന് കരുതപ്പെട്ട മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ നിലംപരിശാക്കി. മൂന്ന് പന്ത് ശേഷിക്കെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 199 ന് പുറത്താക്കി.
10.3 ഓവറില്‍ 50 പിന്നിട്ട ശേഷം ഓസീസ് ഇഴയുകയായിരുന്നു. രണ്ടിന് 110 ലെത്താന്‍ ഇരുപത്തേഴോവറോളം വേണ്ടി വന്നു. പിന്നീട് 30 റണ്‍സിന് അഞ്ചു വിക്കറ്റ് നിലംപൊത്തിയതോടെ ഓസീസ് പൂര്‍ണമായും പ്രതിരോധത്തിലായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കുല്‍ദീപ് സ്റ്റമ്പുകള്‍ കടപുഴക്കി. 20-32 ഓവറുകള്‍ക്കിടയില്‍ ഒരു ഘട്ടത്തില്‍ ഒരു ബൗണ്ടറി പോലും പിറന്നില്ല.
മിച്ചല്‍ മാര്‍ഷ് (0) മൂന്നാം ഓവറില്‍ പുറത്തായ ശേഷം ഡേവിഡ് വാണറും (52 പന്തില്‍ 41) സ്മിത്തും (71 പന്തില്‍ 46) ടീമിനെ കരകയറ്റിയതായിരുന്നു. എന്നാല്‍ മാര്‍നസ് ലാബുഷൈനെയും (41 പന്തില്‍ 27) അലക്‌സ് കാരിയെയും (0) മുപ്പതാം ഓവറില്‍ രവീന്ദ്ര ജദേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ (8) ആര്‍ അശ്വിന്‍ മടക്കി. പാറ്റ് കമിന്‍സും (24 പന്തില്‍ 15) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (35 പന്തില്‍ 28) സ്‌കോര്‍ ഇരുനൂറിനോടടുപ്പിച്ചത്.
ആറ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വിക്കറ്റ് കിട്ടി. സ്പിന്നര്‍മാരായ ജദേജയും (10-2-28-3) കുല്‍ദീപ് യാദവും (10-0-42-2) അസ്വിനും (10-1-34-1) ആറ് വിക്കറ്റ് പങ്കുവെച്ചു. പെയ്‌സര്‍മാരായ ബുംറയും (10-0-35-2) മുഹമ്മദ് സിറാജും (6.3-1-26-1) ഹാര്‍ദിക് പാണ്ഡ്യയും (3-0-28-1) നാല് വിക്കറ്റെടുത്തു.
എം.എ ചിദംബരം സ്റ്റേഡിയത്തില്‍ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിട്ടുണ്ട്. ഇന്ത്യക്ക് രണ്ട് കളികളില്‍ ഒരെണ്ണം ജയിക്കാനേ സാധിച്ചിരുന്നുള്ളൂ.






