കാസർകോട് ചെറുവത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ മലയാളത്തിലെ പ്രസിദ്ധനായൊരു സംവിധായകന്റെ പുതിയ ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന കൂടിക്കാഴ്ച നടക്കുകയാണ്. മുറിക്ക് പുറത്ത് ആകാംക്ഷയോടെ ഊഴം കാത്തിരിക്കുന്നവരിൽ ഒരാളുടേത് ഇത് മൂന്നാം അഭിമുഖമായിരുന്നു. കഴിഞ്ഞ പ്രാവശ്യം വന്ന് മടങ്ങുമ്പോൾ അവർ പറഞ്ഞത്, മൂന്നാമതൊരു കൂടിക്കാഴ്ച കൂടിയുണ്ട്. താങ്കളെ ഞങ്ങളുടെ സിനിമയിൽ വേണോ വേണ്ടയോ എന്ന് അത് തീരുമാനിക്കും എന്നാണ്. കഴിഞ്ഞ രണ്ടു കൂടിക്കാഴ്ചകളേക്കാൾ കൂടുതൽ നല്ലതായിരുന്നു മൂന്നാമത്തേത്. അഭിമുഖം നടത്തിയവർക്കും തന്നെ ബോധിച്ചു എന്നാണ് അയാൾക്ക് തോന്നിയത്. എങ്കിലും അവരുടെ തീരുമാനമറിയാൻ അയാൾ കാതോർത്തിരുന്നു.
അപ്പൊഴാണ് കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞത്, ഇനിയൊരു പ്രീ-ഷൂട്ടുണ്ട്. അതുകൂടി വിജയിച്ചാലെ താങ്കളെ ഈ പടത്തിലേക്ക് പരിഗണിക്കൂ. അതുകേട്ടപ്പോൾ വല്ലാത്ത നിരാശയും സങ്കടവും തോന്നി. ഒന്നും പറയാതെ പുറത്തേക്കിറങ്ങി. അവർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നാണയാൾ കരുതിയത്. അതിനാൽ സുഹൃത്തുക്കളോടോ കുടുംബക്കാരോടോ എന്തിന് വീട്ടിൽ ഭാര്യയോടോ മക്കളോടോ പോലും ഒന്നും പറഞ്ഞില്ല. പെട്ടെന്നൊരു ദിവസമുണ്ട് അവർ പ്രീ ഷൂട്ടിന് വിളിക്കുന്നു. പ്രതീക്ഷയൊന്നും ഇല്ലാതെയാണ് പോയത്. അവർ പറയുന്നത് പോലെയൊക്കെ അഭിനയിച്ചു. ചാൻസ് കിട്ടി. എന്നിട്ടും തന്നെ സിനിമയിലെടുത്ത കാര്യം അയാൾ ആരോടും പറഞ്ഞില്ല. സിനിമയല്ലെ, അവസാന നിമിഷം വിളിക്കാതിരുന്നാലോ?
സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം) 'ന്നാ താൻ കേസു കൊട്' എന്ന സിനിമയ്ക്ക് വേണ്ടി അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന കൂടിക്കാഴ്ചയാണ് അന്നവിടെ നടന്നത്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ ജഡ്ജിയായി അഭിനയിച്ച് തകർത്ത പി.പി. കുഞ്ഞികൃഷൻ മാഷാണ് മൂന്ന് കൂടിക്കാഴ്ചകളും ഒരു പ്രീ-ഷൂട്ടും കഴിഞ്ഞ് ഈ സിനിമയുടെ ഭാഗമായത്. പലപ്പോഴും പടത്തിലെ നായകനെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ആദ്യമായി അഭിനയിച്ച സിനിമയിൽ തന്നെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് (2022-ലെ)നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
മാഷ്‌ക്, ചില നാടകങ്ങളിൽ അഭിനയിച്ച മുൻപരിചയമുണ്ടായിരുന്നു. നാടകാഭിനയത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പലരും പറഞ്ഞത്. സിനിമയിൽ നിനക്കൊരു ഭാവിയുണ്ട് എന്നു പറഞ്ഞവരും കൂട്ടത്തിലുണ്ട്. സിനിമാ മോഹങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ മനസ്സിൽ അതിന് വിത്തുപാകിയത് അവരായിരുന്നു. അതോടെ സിനിമയിൽ ഒരുകൈ ശ്രമിച്ചാലോ എന്നആലോചനയായി. പക്ഷെ ചാൻസ് തേടി ആരുടെ അടുത്തും പോയില്ല. ക്രമേണ മനസ്സിലായി സിനിമയിൽ എത്തിപ്പെടുക അത്ര എളുപ്പമല്ല എന്ന്. അതോടെ സിനിമാ മോഹം മനസ്സിലടക്കിവെച്ചു. അതെന്തായാലും സുഹൃത്തുക്കളായ അരുൺമാഷും ഉണ്ണിരാജയും(മറിമായം ഫെയിം)ഇക്കുറി നിർബന്ധിച്ചു.
കാസർകോട്ടുകാരനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധായകൻ എന്നും അഭിനേതാക്കളെ അവിടെ നിന്നാണ് തെരഞ്ഞെടുക്കുക എന്നും അവർ പറഞ്ഞപ്പോൾ ഒന്ന് ശ്രമിച്ചു നോക്കാം എന്നു വിചാരിച്ചു. അധ്യാപക നായിരുന്ന പി.പി.കുഞ്ഞികൃഷ്ണൻ മലയാള സിനിമയുടെ ഭാഗമായത് അങ്ങനെയാണ്.
ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിലെ ചെറിയൊരു റോളിന് വേണ്ടിയാണ് മാഷെ ആദ്യം തെരഞ്ഞെടുത്തത്. അദ്ദേഹവും അത്രയെ കരുതിയിരുന്നുള്ളു. പക്ഷെ, സിനിമയിലെ പ്രധാന റോളുകളിൽ ഒന്നായ ജഡ്ജിയുടെ വേഷം മാഷുടെ കൈയ്യിൽ ഭദ്രമായിരിക്കും എന്ന് സംവിധായകനും മറ്റും തോന്നിയപ്പൊഴാണ് അതിലേക്ക് അദ്ദേഹം കാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ തുടക്കക്കാരനായ തനിക്ക് ഇത്രയും വലിയ റോൾ കിട്ടുമെന്ന് അദ്ദേഹം കരുതിയിരുന്നതേയില്ല.
ഷൂട്ടിംഗിന്റെ ആദ്യദിനം മാഷ്‌ക്ക് നല്ല ഭയമുണ്ടായിരുന്നു. പക്ഷെ, സെറ്റിലിരുന്ന് സംവിധായകനും മറ്റും നല്ല ധൈര്യം നൽകിയാണ് അദ്ദേഹത്തെ ക്യാമറയുടെ മുന്നിലേക്ക് വിട്ടത്. അതിനാൽ വലിയ പ്രയാസമില്ലാതെ അഭിനയിക്കാൻ പറ്റി. കാസർകോടൻ ഭാഷയിലാണ് സംഭാഷണം എന്നത് അദ്ദേഹത്തിന് ഏറെ സഹായകമായി. ഷൂട്ടിന് മുമ്പ് ഒരു കോടതിമുറി
കാണാനും അതിന്റെ ചേംബറിലിരുന്ന് ജഡ്ജി എങ്ങനെയാണ് കോടതിക്കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നു മനസിലാക്കാനും മാഷ്‌ക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഈ സിനിമയിലെ അഭിനയത്തിന് ഗുണം ചെയ്യുമെന്ന് സംവിധായകനും പറഞ്ഞിരുന്നു. പക്ഷെ, പല തിരക്കുകൾക്കിടയിൽ മാഷ്‌ക്ക് അതിന് കഴിഞ്ഞില്ല.
അത് നന്നായി എന്ന് പിന്നീട് തോന്നി. അങ്ങനെ ചെയ്തിരുന്നെങ്കിൽ ജഡ്ജിയുടെ അഭിനയം സ്വാഭാവികത നഷ്ടപ്പെട്ട് മറ്റൊന്നായേനെ.ജഡ്ജിയുടെ റോൾ ഒറ്റ ദിവസം കൊണ്ടാണ് മാഷെ മാറ്റിമറിച്ചത്.
എവിടെ ചെന്നാലും അദ്ദേഹത്തിന് ആരാധകരായി. മാഷ് പഠിപ്പിച്ച കുട്ടികളിൽ പലരും ലോകത്തിന്റെ പലഭാഗത്തു നിന്നും വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുപാടു കാലമായി തിയേറ്ററിൽ പോയി പടം കാണാത്തവർ പോലും ഈ സിനിമ കാണാനായി പുറത്തിറങ്ങി. സത്യത്തിൽ ന്നാ താൻ കേസ് കൊട് എന്ന സിനിമ നാട്ടുകാരുടെ സിനിമാഭിരുചികളെ പുതുക്കിപ്പണിതു. അതിന് താനൊരു നിമിത്തമായി എന്നത് മാഷ്‌ക്ക് നൽകിയ ആഹ്ലാദം ചില്ലറയല്ല.
ന്നാ താൻ കേസുകൊട് എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ മാഷ്‌ക്ക് കൈ നിറയെ പടങ്ങൾ കിട്ടി. നിന്നു തിരിയാൻ കഴിയാത്തവിധം തിരക്കായി.
മദനോത്സവം, പഞ്ചവത്സരപദ്ധതി, ഗുരുവായൂർ അമ്പലനടയിൽ, കൊറോണാ പേപ്പേഴ്‌സ്...ആദ്യസിനിമ കഴിഞ്ഞ് കഷ്ടിച്ച് ഒരു കൊല്ലം കഴിയുന്നതിനിടയിലാണ് ഇത്രയധികം പടങ്ങൾ കിട്ടിയത്. കാര്യമായി റോളില്ല എന്നു മനസിലാക്കി ചില പടങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തിരക്കു കാരണം ഏതാനും ചിത്രങ്ങൾ സ്വീകരിക്കാൻ പറ്റാതാവുകയും ചെയ്തു.
2022-ൽ ഇറങ്ങിയ ആദ്യസിനിമയിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മാഷെ തേടിവന്നു. അദ്ദേഹമത് പ്രതീക്ഷിച്ചിരുന്നതേയില്ല. വയലാർ അവാർഡ് കിട്ടിയപ്പോൾ മാഷ്‌ക്ക് ഒരു സ്വീകരണം നൽകാൻ നാട്ടുകാർ സംഘാടകസമിതി രൂപീകരിച്ച് ശ്രമം തുടങ്ങിയ സമയം. അ ന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു - ഒരാഴ്ച ഒന്നു കാത്തിരിക്കൂ.
2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും. അതിൽ മാഷ്‌ക്ക് ഒരു അവാർഡ് ഉണ്ടാകാതിരിക്കില്ല. അയാളുടെ ആ പ്രവചനമാണ് അവാർഡിനെ കുറിച്ച് നേരിയൊരു പ്രതീക്ഷ തന്റെ മനസ്സിൽ ഉണ്ടാക്കിയത് എന്നദ്ദേഹം പറഞ്ഞു.
ന്നാ താൻ കേസുകൊട് എന്ന ചിത്രം ഒറ്റയടിക്ക് ഏഴ് അവാർഡുകളാണ് തൂത്ത് വാരിയത്. അതിലൊന്നാണ് മാഷ്‌ക്ക് കിട്ടിയ മികച്ച സ്വഭാവനടനുള്ള അംഗീകാരം. അത് നടൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം വർധിപ്പിച്ചിട്ടുണ്ട് എന്നദ്ദേഹം തിരിച്ചറിയുന്നു. അതിന് അനുസരിച്ചുള്ള റോളുകൾ മാത്രം തെരഞ്ഞെടുക്കാനും അഭിനയിക്കാനുമുള്ള പരിശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടാതെ മറ്റ് ചില അംഗീകാരങ്ങൾ കൂടി അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പ്രേംനസീർ പുരസ്‌കാരം, വയലാർ അവാർഡ്, ബിഗ്‌സ്‌ക്രീൻ പുരസ്‌കാരം, കലാഭവൻമണി അവാർഡ് എന്നിവ അവയിൽ ചിലതാണ്.
മാഷ് അഭിനയിച്ച പടങ്ങളിലേറെയും യുവതലമുറയ്ക്ക് ഒപ്പമുള്ളതാണ്. കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, സിജു വിൽസൺ...ഈ പ്രായത്തിലും അവരുമായി ഒത്തുപോകാൻ അദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ല. അഭിനയമാണ് നമ്മുടെ തൊഴിൽ. സിനിമ എടുക്കുന്നവർ നമ്മളെ കാസ്റ്റ് ചെയ്താൽ അവർ ആഗ്രഹിക്കുന്ന ഒരു ലെവലിൽ നാം എത്തണം. അതിന് എല്ലാവരുമായി സഹകരിച്ച് പോയേ തീരൂ. അത് മനസ്സിലാക്കിയാൽ പിന്നെ പ്രശ്‌നമൊന്നുമില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആദ്യസിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യമായി എന്നദ്ദേഹം വ്യക്തമാക്കി.
ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിന് അവാർഡ് കിട്ടിയപ്പോൾ അഭിനന്ദിക്കാൻ പ്രമുഖരായ പലരും മാഷെ വിളിച്ചിരുന്നു. എഴുത്തുകാരനായ ബെന്യാമിൻ, സംവിധായകരായ ലാൽജോസ്, വൈശാഖ്, പ്രിയദർശൻ. പ്രിയൻ പറഞ്ഞത് സിനിമ പൊതുവെയും താങ്കളുടെ ജഡ്ജിയെ പ്രത്യേകമായും ഇഷ്ടമായി എന്നാണ്. മകൾ കല്യാണിക്കൊപ്പമാണ് അദ്ദേഹം സിനിമ കണ്ടത്. അടുത്ത പടത്തിൽ നമുക്കു കാണാം എന്നദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, കൊറോണാ പേപ്പേഴ്‌സിൽ തനിക്കായി ഒരു റോൾ അദ്ദേഹം കരുതിവെക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
താൻ സിനിമയിൽ അഭിനയിക്കുന്നതിന് കുടുംബം കട്ട സപ്പോർട്ടാണ് എന്ന് മാഷ് പറഞ്ഞു. ഭാര്യ സരസ്വതി, സ്‌കൂൾ ടീച്ചറാണ്. രണ്ട് ആൺമക്കളുണ്ട്. മൂത്തയാൾ സാരംഗ്. ഷിപ്പിലാണ്. ഇളയവൻ ആസാദ്. എഞ്ചിനീയറിം ഗിന് പഠിക്കുന്നു. അധ്യാപകനായിരുന്ന പി.പി.കുഞ്ഞികൃഷ്ണൻ 2020-ൽ റിട്ടയർ ചെയ്തു. ഇനിയുള്ള കാലം സിനിമയിൽ നടനായി തന്നെ തുടരണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
സിനിമയിൽ ജഗതിയും ഇന്നസെന്റുമൊക്കെ ചെയ്തതു പോലുള്ള വേഷങ്ങളോടാണ് മാഷ്‌ക്ക് പ്രിയം. ഉദാഹരണത്തിന് കാബൂളിവാലയിലെ കന്നാസും കടലാസും. അതേസമയം നല്ല ക്യാരക്ടർ റോളുകൾ ചെയ്യാനും അദ്ദേഹത്തിന് താൽപര്യമുണ്ട്. നല്ല സംവിധായകർക്കൊപ്പം അവർ തരുന്ന വേഷങ്ങൾ എന്തായാലും അഭിനയിക്കാൻ താൻ തയ്യാറാണെന്ന് കുഞ്ഞികൃഷ്ണൻ മാഷ് വ്യക്തമാക്കി.






