ധര്‍മശാല - മെഹ്ദി ഹസന് മിറാസിന്റെ ഓള്‍റൗണ്ട് മികവില്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് മിന്നുന്ന വിജയം. അഫ്ഗാനിസ്ഥാനെ അവര്‍ പതിനഞ്ചോവറിലേറെ ശേഷിക്കെ ആറു വിക്കറ്റിന് തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 37.2 ഓവരില്‍ 156 ന് ഓളൗട്ടായതാണ് കളി ഏകപക്ഷീയമാക്കിയത്. രണ്ടിന് 112 ലെത്തിയ ശേഷം 44 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് കൂപ്പുകുത്തി. 34.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. മെഹ്ദി മൂന്നു വിക്കറ്റെടുക്കുകയും നാലോവര്‍ പിന്നിടുമ്പോഴേക്കും ക്രീസിലെത്തിയ ശേഷം അര്‍ധ ശതകം നേടുകയും ചെയ്തു.
ഓപണര്‍മാരായ റഹമാനുല്ല ഗുര്‍ബാസും (47) ഇബ്രാഹിം സദ്റാനും (22) നല്കിയ നല്ല തുടക്കം മുതലാക്കാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ല. അസ്മതുല്ല ഒമര്‍സായി (22) ഒഴികെ മധ്യനിരയും വാലറ്റവും പൂര്‍ണമായി പരാജയപ്പെട്ടു. മെഹ്ദിയും (9-3-25-3) ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും (8-0-30-3) ആറു വിക്കറ്റ് പങ്കുവെച്ചു. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ശാഖിബ് അഞ്ചു വിക്കറ്റെടുത്തിരുന്നു.
ഓപണര്‍മാരായ തന്‍സീദ് ഹസനും (5) ലിറ്റന്‍ ദാസും (13) എളുപ്പം പുറത്തായ ശേഷം മെഹ്ദിയും നജ്മുല്‍ ഹുസൈന് ഷാന്‍ഡോയും (59 നോട്ടൗട്ട്) ബംഗ്ലാദേശിനെ ചുമലിലേറ്റി. മെഹ്ദിയെ രണ്ടു തവണ ഫീല്‍ഡര്‍മാര്‍ കൈവിട്ടു.






