ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോള്‍, യുനൈറ്റഡിന് നാടകീയ ജയം

ലണ്ടന്‍ - ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ സ്‌കോട് മക്ടോമിനായ് നേടിയ ഇരട്ട ഗോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഉറച്ച പരാജയത്തില്‍ നിന്ന് രക്ഷിച്ചു. ബ്രന്റ്ഫഡിനെതിരായ മത്സരത്തില്‍ ഇരുപത്താറാം മിനിറ്റ് മുതല്‍ പിന്നിലായിരുന്ന അവര്‍ 2-1 ന് ജയിച്ചു. 93ാം മിനിറ്റിലും 97ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. ഏഴു ദിവസത്തിനിടെ മൂന്നാം തോല്‍വിയുടെ വക്കിലായിരുന്നു അവര്‍. രണ്ടാം പകുതിയുടനീളം പത്തു പേരുമായി കളിച്ച് ലൂട്ടനെ 1-0 ന് തോല്‍പിച്ച ടോട്ടനം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആഴ്‌സനലുമായി ഇന്ന് മത്സരമുണ്ട്
യുനൈറ്റഡ് കഴിഞ്ഞയാഴ്ച പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനോടും ചാമ്പ്യന്‍സ് ലീഗില്‍ ഗലതസറായിയോടും തോറ്റിരുന്നു. മറ്റൊരു തോല്‍വി കോച്ച് എറിക് ടെന്‍ ഹാഗിന്റെ ഭാവി അപകടത്തിലാക്കിയേനേ. ബ്രന്റ്ഫഡ് അവസാനമായി ജയിച്ചത് ഓഗസ്റ്റിലായിരുന്നു. 
ചെല്‍സി 4-1 ന് ബേണ്‍ലിയെ തോല്‍പിച്ചു. ചെല്‍സിയുടെ മൂന്ന് ഗോളിലും റഹീം സ്‌റ്റെര്‍ലിംഗിന് പങ്കുണ്ടായിരുന്നു. 

Latest News