ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളില്‍ തെക്കന്‍ കൊറിയ തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായി. ജപ്പാനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിലായ ശേഷം കൊറിയ 2-1 ന് ജയിച്ചു. പി.എസ്.ജി താരം ലീ കാംഗ് ഇന്‍ ഉള്‍പ്പെട്ട ടീമിനെ കൊറിയ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കും. കൊറിയയില്‍ എല്ലാവര്‍ക്കും 18 മാസം സൈനിക സേവനം നിര്‍ബന്ധമാണ്. ഏഷ്യാഡ് ചാമ്പ്യന്മാര്‍ക്കും ഒളിംപിക്‌സ് മെഡലുകാര്‍ക്കും മാത്രമേ ഒഴിവുള്ളൂ. ഹോങ്കോംഗിനെ 4-1 ന് തകര്‍ത്ത് ഉസ്‌ബെക്കിസ്ഥാന്‍ വെങ്കലം കരസ്ഥമാക്കി. ജപ്പാനാണ് വനിതാ ഫുട്‌ബോള്‍ സ്വര്‍ണം.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലും തെക്കന്‍ കൊറിയക്കാണ് സ്വര്‍ണം. ലോക ഒന്നാം നമ്പര്‍ ആന്‍ സെ യംഗ് ആവേശകരമായ മൂന്നു ഗെയിമില്‍ ചൈനയുടെ ഒളിംപിക് ചാമ്പ്യന്‍ ചെന്‍ യുഫെയിയെ തോല്‍പിച്ചു. 21ൃ18, 17-21, 21-8. ലോക ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ ഈ വര്‍ഷം 10 ടൂര്‍ണമെന്റിലാണ് ആന്‍ ജയിച്ചത്.
ചൈനീസ് താരങ്ങള്‍ തമ്മിലുള്ള പുരഷ ഫൈനലില്‍ ലി ഷിഫെംഗ് 23-21, 21-13 ന് മുന്‍ ലോക ചാമ്പ്യന്‍ഷിപ് ഫൈനലിസ്റ്റ് ഷി യുക്വിയെ തോല്‍പിച്ചു. പുരുഷ ഡബള്‍സില്‍ ചിരാഗ് ഷെട്ടി-രംഗിറെഡ്ഢി സഖ്യം ചാമ്പ്യന്മാരായി.






