അവസാന ദിനം ആറ് സ്വര്‍ണം,  107 മെഡലുമായി ഇന്ത്യ മടങ്ങും

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ അഭിമാനമുയര്‍ത്തി ഇന്ത്യ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച ആറ് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി ഇന്ത്യ 12 മെഡലുകള്‍ നേടി. ശനിയാഴ്ചയായിരുന്നു ഏഷ്യാഡിലെ ഏറ്റവും തിരക്കേറിയ ദിവസം. 24 സ്വര്‍ണം നിശ്ചയിക്കപ്പെട്ടു. അവസാന ദിനമായ ഞായറാഴ്ച കരാട്ടെയിലും ആര്‍ടിസ്റ്റിക് സ്വിമ്മിംഗിലുമായി മൂന്ന് സ്വര്‍ണം നിശ്ചയിക്കപ്പെടാനുണ്ടെങ്കിലും ഇന്ത്യക്ക് മത്സരങ്ങളില്ല. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലുകളാണ് ഇന്ത്യ നേടിയത്. ചൈന 200 സ്വര്‍ണമുള്‍പ്പെടെ 381 മെഡലുകള്‍ വാരിക്കൂട്ടി. 2010 ലെ ഗ്വാംഗ്ഷു ഏഷ്യാഡില്‍ 410 മെഡല്‍ നേടിയ റെക്കോര്‍ഡ് ചൈനക്ക് തകര്‍ക്കാനായില്ല. 
പുരുഷ ക്രിക്കറ്റിലും പുരുഷ ബാഡ്മിന്റണ്‍ ഡബ്ള്‍സിലും ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്മാരായി. കബഡിയില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം തിരിച്ചുപിടിച്ചു. അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കി. ഗുസ്തിയില്‍ ദീപക് പൂനിയയും വെള്ളി നേടി. വനിതാ ഹോക്കിയില്‍ വെങ്കല മെഡല്‍ മത്സരം ജയിച്ചു. ചെസ്സില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെള്ളി കിട്ടി. 

ഇന്ത്യ x ഇന്ത്യ ഫൈനല്‍ 
പുരുഷ ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴ കാരണം തടസ്സപ്പെട്ടതോടെ ഇന്ത്യയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ബാഡ്മിന്റണില്‍ സാത്വിക് സായ്‌രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം കൊറിയന്‍ ജോഡിയെ ഫൈനലില്‍ തോല്‍പിച്ചു. കബഡിയില്‍ വിവാദ ഫൈനലില്‍ ഇറാനെ 33-29 ന് തോല്‍പിച്ചു. വനിതാ കബഡി ടീം ആവേശകരമായ ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ 26-25 ന് തോല്‍പിച്ചു. ഇടവേളയില്‍ ഇന്ത്യക്ക് 14-9 ലീഡുണ്ടായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ചൈനീസ് തായ്‌പെയ് അതിശക്തമായി തിരിച്ചുവന്നു.
അമ്പെയ്ത്തിന്റെ പുരുഷ കോമ്പൗണ്ടില്‍ ഇന്ത്യന്‍ കളിക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. പ്രവീണ്‍ ഓജസ് 149-147 ന് അഭിഷേക് വര്‍മയെ തോല്‍പിച്ച് സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത കോമ്പൗണ്ടില്‍ തെക്കന്‍ കൊറിയയുടെ ചെവോണ്‍ സോയെ 149-145 ന് തോല്‍പിച്ച് ജ്യോതി സുരേഖ വന്നാം ചാമ്പ്യനായി. ഇന്ത്യയുടെ തന്നെ അതിഥി ഗോപിചന്ദ് സ്വാമിക്കാണ് വെങ്കലം. ഇന്തോനേഷ്യയുടെ റതീഹ് സിലിസാതി ഫദ്‌ലിയെ തോല്‍പിച്ചു.
ഡി. ഹരിക, ആര്‍. വൈശാലി, വന്തിക അഗര്‍വാള്‍, സവിത എന്നിവരുള്‍പ്പെട്ട വനിതാ ടീമും വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗയ്‌സി, പി. ഹരികൃഷ്ണ, ആര്‍ പ്രജ്ഞനന്ദ, ഡി. ഗൂകേഷ് എന്നിവരുള്‍പ്പെട്ട പുരുഷ ടീമും ചെസ്സില്‍ വെള്ളി കരസ്ഥമാക്കി. ഇറാന്‍ പുരുഷന്മാര്‍ക്കും ചൈനീസ് വനിതകള്‍ക്കുമാണ് സ്വര്‍ണം. ഗുസ്തിയില്‍ 86 കിലൊ വിഭാഗത്തില്‍ ദീപക് പൂനിയയെ ഫൈനലില്‍ ഇറാന്റെ ഹസന്‍ യസ്ദാനിയോട് തോറ്റു. വനിതാ ഹോക്കി വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 2-1 ന് തോല്‍പിച്ചു. 

സീഡിംഗിന്റെ ബലത്തില്‍
ക്രിക്കറ്റില്‍ സ്വര്‍ണം

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ക്രിക്കറ്റില്‍ ഇന്ത്യക്ക് കളിക്കാതെ സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴ മുടക്കിയതോടെ ഉയര്‍ന്ന സീഡുകളാണെന്ന ബലത്തില്‍ ഇന്ത്യയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ നാല് വെങ്കലം നേടിയ അഫ്ഗാനിസ്ഥാന് ഇത് ആദ്യ വെള്ളി മെഡലാണ്. 
ഇന്ത്യ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ശേഷം അഫ്ഗാനിസ്ഥാന്‍ 18.2 ഓവറില്‍ അഞ്ചിന് 112 ലെത്തിയപ്പോഴാണ് മഴ പെയ്തത്. വനിതാ ക്രിക്കറ്റിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. 

വിവാദങ്ങളുടെ കബഡി,
ഒരു മണിക്കൂര്‍ കളി നിര്‍ത്തി

ഹാങ്ചൗ - ഇന്ത്യയും ഇറാനും തമ്മിലുള്ള ഇഞ്ചോടിഞ്ച് ഫൈനല്‍ 28-28 ല്‍ അവസാനത്തോടടുക്കവെ റഫറിയുടെ പിടിപ്പുകേട് കാരണം ഏഷ്യാഡിന്റെ പുരുഷ കബഡി അലങ്കോലമായി. നിയമങ്ങള്‍ പലതവണ ഇഴകീറി പരിശോധിക്കപ്പെട്ടതോടെ ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ടു. ഒടുവില്‍ ഇന്ത്യക്ക് നാല് പോയന്റ് അനുവദിച്ചതോടെ കളിയുടെ രസച്ചരട് മുറിഞ്ഞു. ടീമുകള്‍ ഹസ്തദാനം ചെയ്ത് പിരിഞ്ഞെങ്കിലും ഫൈനലിനു ശേഷമുള്ള പത്രസമ്മേളനം റദ്ദാക്കി.
ഏഷ്യാഡില്‍ കബഡി മത്സര ശേഷം 2014 വരെ സ്വര്‍ണം ഇന്ത്യയുടെ കുത്തകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയെ സെമിയില്‍ തോല്‍പിച്ച് ഇറാന്‍ പുരുഷ സ്വര്‍ണം നേടി. വനിതാ വിഭാഗം ഫൈനലിലും അവര്‍ ഇന്ത്യയെ കീഴടക്കി. ഇത്തവണ രണ്ട് സ്വര്‍ണവും ഇന്ത്യ വീണ്ടെടുത്തു. 
ഫൈനല്‍ ഒരു മിനിറ്റ് ശേഷിക്കെ പവന്‍ സെഹറാവത്തിന്റെ റെയ്ഡാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മൂന്ന് ഇറാന്‍ താരങ്ങള്‍ സെഹറാവത്തിനെ തള്ളിപ്പുറത്താക്കി. ആദ്യം ഇറാന് ഒരു പോയന്റ് അനുവദിച്ചു. ഇന്ത്യ പ്രതിഷേധിച്ചതോടെ വീഡിയൊ പരിശോധിച്ച് തീരുമാനം മാറ്റി. ആദ്യ തീരുമാനം റദ്ദാക്കി ഇന്ത്യക്ക് നാല് പോയന്റ് നല്‍കി. ഇതോടെ ഇറാന്‍ ഉടക്കി. പഴയതും പുതിയതുമായ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ റഫറിക്ക് സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങളുടെ ഹേതു. 

ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന            200    111    71    382
ജപ്പാന്‍            51    66    69    186    
തെ. കൊറിയ    42    59    89    190
ഇന്ത്യ                28    38    41    107
ഉസ്‌ബെക്കിസ്ഥാന്‍    22    18    31    71
ചൈനീസ് തായ്‌പെയ്    18    20    28    66
ഇറാന്‍ 13    21    19    53
തായ്‌ലന്റ്    12    14    32    58
ബഹ്‌റൈന്‍    12    3    5    20
ഖത്തര്‍    5    6    3    14
യു.എ.ഇ    5    5    9    19
സൗദി    4    2    4    10 

Latest News