ഹാങ്ചൗ - മൂന്ന് സ്വര്‍ണവുമായി പന്ത്രണ്ടാം ദിനം പുലര്‍ന്നതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്തില്‍ നൂറ് തൊട്ടു. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. കബഡിയില്‍ വനിതാ ടീം ആവേശകരമായ ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ 26-25 ന് തോല്‍പിച്ചു. ഇടവേളയില്‍ ഇന്ത്യക്ക് 14-9 ലീഡുണ്ടായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ചൈനീസ് തായ്‌പെയ് അതിശക്തമായി തിരിച്ചുവന്നു.
അമ്പെയ്ത്തിന്റെ പുരുഷ കോമ്പൗണ്ടില്‍ ഇന്ത്യന്‍ കളിക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഭിഷേക് വര്‍മയെ 60-59 ന് തോല്‍പിച്ച് പ്രവീണ്‍ ഓജസ് സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത കോമ്പൗണ്ടില്‍ തെക്കന്‍ കൊറിയയുടെ ചെവോണ്‍ സോയെ 149-145 ന് തോല്‍പിച്ച് ജ്യോതി സുരേഖ വന്നാം ചാമ്പ്യനായി. ഇന്ത്യയുടെ തന്നെ അതിഥി ഗോപിചന്ദ് സ്വാമിക്കാണ് വെങ്കലം. ഇന്തോനേഷ്യയുടെ റതീഹ് സിലിസാതി ഫദലിയെ തോല്‍പിച്ചു.
പുരുഷ ബാഡ്മിന്റണ്‍ ഡബ്ള്‍സ് ഫൈനലില്‍ സാത്വിക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനല്‍ കളിക്കുന്നുണ്ട്. പുരുഷ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനുമായി സ്വര്‍ണ മെഡലിന് പോരാടും. വനിതാ ഹോക്കി ടീം വെങ്കല മെഡല്‍ മത്സരത്തില്‍ ജപ്പാനുമായി ഏറ്റുമുട്ടും. കബഡിയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ഇറാനുമായി ഫൈനല്‍ കളിക്കും. ഗുസ്തിയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഗോദയിലിറങ്ങും.






