ഹൈദരാബാദ് - ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് അല്പം വിയര്ത്തിട്ടാണെങ്കിലും വിജയത്തോടെ തുടങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കുകാരായ നെതര്‍ലാന്റ്സിനെ അവര്‍ 81 റണ്‍സിന് തോല്പിച്ചു. 38 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് പിഴുത് പാക്കിസ്ഥാനെ ഡച്ച് ടീം വിറപ്പിച്ചിരുന്നു. മധ്യനിരയില്‍ മുഹമ്മദ് രിസവാന്-സൗദ് ശഖീല്‍ കൂട്ടുകെട്ടും വാലറ്റത്ത് മുഹമ്മദ് നവാസ്-ശാദബ് ഖാന് ജോഡിയും പൊരുതിയതിനാലാണ് 49 ഓവറില്‍ 286 ലെത്താന്‍ പാക്കിസ്ഥാന് സാധിച്ചത്. എന്നാല്‍ പാക്കിസ്ഥാന് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. നാല്പത്തൊന്നോവറില് 205 ന് അവര്‍ നെതര്‍ലാന്റ്സിനെ എറിഞ്ഞിട്ടു.
തോല്‍വിയിലും തിളങ്ങിയത് ഡച്ച് ഓള്‍റൗണ്ടര്‍ ബാസ് ഡി ലീഡാണ്. നാല് വിക്കറ്റെടുത്ത് പാക്കിസ്ഥാന് മധ്യനിര തകര്‍ത്ത ഡി ലീഡ് (9-0-62-4) രണ്ട് സിക്സറും ആറ് ബൗണ്ടറിയുമായി ബാറ്റിംഗിലും ടോപ്സ്കോററായി (68 പന്തില്‍ 67). ഓപണര്‍ വിക്രംജിത് സിംഗും അര്‍ധശതകം (67 പന്തില്‍ 52) നേടി. മുന്‍നിരയിലും മധ്യനിരയിലും മറ്റെല്ലാവരും പരാജയപ്പെട്ടു. ലോഗന് വാന്‍ബീക്കാണ് (28 പന്തില്‍ 28 നോ്ട്ടൗട്ട്) സ്കോര്‍ 200 കടത്തിയത്. ഹാരിസ് റഊഫും (9-0-43-3) ഹസന്‍അലിയും (7-1-33-2) അഞ്ച് വിക്കറ്റ് പങ്കുവെച്ചു.
ഓപണര്‍മാരായ ഫഖര്‍ സമാനും (12) ഇമാമുല്‍ ഹഖും (15) ക്യാപ്റ്റന്‍ ബാബര്‍ അസമും (5) പുറത്തായ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനെ കരകയറ്റിയത് രിസ്വാനും (75 പന്തില്‍ 68) ശഖീലും (52 പന്തില്‍ 68) തമ്മിലുള്ള 120 റണ്‍സ് കൂട്ടുകെട്ടാണ്. ഇരുവരുടെയും ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. എന്നാല്‍ പിന്നീട് 24 പന്തില്‍ 30 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടു. ആറിന് 188 ല്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നവാസും (43 പന്തില്‍ 39) ശാദബുമാണ് (34 പന്തില്‍ 32) സ്കോറിന് മാന്യത നല്‍കിയത്. ഇരുവരും ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഒരോവര്‍ ശേഷിക്കെ പാക്കിസ്ഥാന് ഓളൗട്ടായി. ശാദബിനെയും ഹസന്അലിയെയും തുടര്‍ച്ചയായ പന്തുകളില്‍ ഡി ലീഡ് പുറത്താക്കി.






