ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍. പുരുഷ ഡബ്ള്‍സില്‍ ലോക രണ്ടാം നമ്പര്‍ ജോഡി രംഗിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഫൈനലിലെത്തി. എന്നാല്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം എച്ച്.എസ് പ്രണോയ് പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ തോറ്റു. പ്രണോയ്ക്ക് വെങ്കലം ലഭിച്ചു.
മലേഷ്യയുടെ ആരണ്‍ ചിയ-വൂയ് യിക് സോ ജോഡിയെ അനായാസം തോല്‍പിച്ചാണ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലെത്തിയത് (21-17, 21-12). തെക്കന്‍ കൊറിയയുടെ ചോയ് സോല്‍ ഗ്യു-കിം വോണ്‍ ഹോ സഖ്യത്തെ അവര്‍ ഫൈനലില്‍ നേരിടും. ആതിഥേയ ജോഡി ലീ യാംഗ്-വാംഗ് ചി-ലിന്‍ ജോഡിയെയാണ് കൊറിയന്‍ സഖ്യം 21-12, 21-10 ന് തകര്‍ത്തത്.
ഇന്ത്യക്ക് ഇന്നലെ രണ്ട് വെള്ളി ലഭിച്ചു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ റീകേര്‍വിലും പുരുഷന്മാരുടെ ബ്രിഡ്ജിലും. ഗുസ്തിയില്‍ മൂന്ന് വെങ്കലം ലഭിച്ചു -അമന്‍, കിരണ്‍, സോനം എന്നിവര്‍ക്ക്. കൂടാതെ അമ്പെയ്ത്തിലും സെപാക് താക്രയിലും വെങ്കലം കിട്ടി. ഗുസ്തിയുടെ വനിതകളുടെ 62 കിലൊ വിഭാഗത്തില്‍ സോനം, സെപക് താക്രയില്‍ വനിതാ രേഗുവില്‍ ഇന്ത്യന്‍ ടീം, അമ്പെയ്ത്ത് റീകേര്‍വ് വനിതാ വിഭാഗം എന്നിവയിലും വെങ്കലം കരസ്ഥമാക്കി.
പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യ ഫൈനല്‍ കളിക്കുക. അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റിന് പാക്കിസ്ഥാനെ തോല്‍പിച്ചു. ശ്രീലങ്കയെയും കീഴടക്കിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കും വലിയ വെല്ലുവിളിയായിരിക്കും.






