ഹാങ്ചൗ - നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 5-1 ന് തകര്‍ത്ത് ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരെന്ന നിലയില്‍ പാരിസ് ഒളിംപിക്സിനും ഇന്ത്യ ബെര്‍ത്തുറപ്പിച്ചു. ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ജപ്പാനെ ഇന്ത്യ തോല്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 4-2 ന് തകര്‍ത്തിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ നാലാം തവണയാണ് ഇന്ത്യ ഹോക്കി ചാമ്പ്യന്മാരാവുന്നത്. തെക്കന്‍ കൊറിയയും നാലു തവണ സ്വര്‍ണം നേടിയിരുന്നു. പാക്കിസ്ഥാനാണ് മുന്നില്‍, എട്ട് സ്വര്‍ണം. 1966 ലും 1998 ലും 2014 ലുമാണ് മുമ്പ് ഇന്ത്യ ഏഷ്യാഡ് ഹോക്കിയില്‍ സ്വര്‍ണം നേടിയത്.
ഫൈനലില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് രണ്ടു ഗോളടിച്ചു (32, 59 മിനിറ്റുകളില്‍). മന്‍പ്രീത് സിംഗ് (25), അമിത് രോഹിദാസ് (36), അഭിഷേക് (48) എന്നിവരും സ്കോര്‍ ചെയ്തു. അമ്പത്തൊന്നാം മിനിറ്റില്‍ സെറേന് തനാക്കയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും ഹോക്കി ഇന്ത്യ അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ടര ലക്ഷം ലഭിക്കും. പാരിസ് ഒളിംപിക്സിലേക്കുള്ള തുടക്കമാണ് ഇതെന്ന് ടീമിനെ അഭിനന്ദിച്ച ഹോക്കി ഇന്ത്യ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ദിലീപ് തിര്‍ക്കി പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഏഴു കളികളില്‍ 68 ഗോള്‍ ഇന്ത്യ നേടി. ഒമ്പത് ഗോള്‍ മാത്രമാണ് വഴങ്ങിയത്.






