അഹമ്മദാബാദ് - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിന് സ്വപ്‌നസമാനമായ വിജയം സമ്മാനിച്ച രചിന്‍ രവീന്ദ്രക്ക് സചിന്‍ ടെണ്ടുല്‍ക്കറും ദ്രാവിഡുമായി എന്താണ് ബന്ധം? നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രണ്ടാം ഓവറിന്റെ തുടക്കത്തില്‍ ക്രീസിലെത്തേണ്ടി വന്ന രചിന്‍ നടത്തിയ തകര്‍പ്പന്‍ പ്രത്യാക്രമണമാണ് ന്യൂസിലാന്റിന് 14 ഓവറോളം ശേഷിക്കെ ഒമ്പത് വിക്കറ്റിന്റെ വന്‍ വിജയം സമ്മാനിച്ചത്. രചിന്‍ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. ബംഗളൂരുകാരാണ് രചിന്റെ മാതാപിതാക്കള്‍. ന്യൂസിലാന്റിലെ വെല്ലിംഗ്ടണിലായിരുന്നു രചിന്റെ ജനനം.
സചിന്റെയും ദ്രാവിഡിന്റെയും കളികളുടെ വീഡിയൊ കണ്ടിട്ടാണ് താന്‍ വളര്‍ന്നതെന്ന ഇരുപത്തിമൂന്നുകാരന്‍ പറയുന്നു. തന്റെ പേര് പോലും ഈ രണ്ടു പേരില്‍ നിന്നാണ്. സചിന്റെ പേരില്‍ നിന്നാണ് രചിനിലെ 'ചിന്‍', രാഹുല്‍ ദ്രാവിഡിന്റെ പേരില്‍ നിന്നാണ് 'ര'യും 'ദ്ര'യും. രചിന്റെ പിതാവ് ക്രിക്കറ്റ് പ്രേമിയാണ്. പേരിന്റെ പെരുമക്കൊപ്പം രചിന്‍ ഉയരുകയും പിതാവിന്റെ നാട്ടില്‍ കന്നി സെഞ്ചുറി നേടുകയും ചെയ്തു.
ഡെവോണ്‍ കോണ്‍വെയുമായുള്ള 273 റണ്‍സ് കൂട്ടുകെട്ടില്‍ 123 റണ്‍സാണ് രചിന്റെ സംഭാവന. രചിന്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. മകന്‍ കന്നി സെഞ്ചുറി നേടുന്നത് കാണാന്‍ ന്യൂസിലാന്റില്‍ നിന്ന് മാതാപിതാക്കള്‍ എത്തിയിരുന്നു. ഇരുവരുടെയും കുടുംബം ഇപ്പോഴും ബംഗളൂരുവിലുണ്ട്.
സ്‌പെഷ്യല്‍ കളിക്കാരാണ് സചിനും ദ്രാവിഡുമെന്ന് രചിന്‍ പറഞ്ഞു. അവരെക്കുറിച്ച് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. നിരവധി വീഡിയോകള്‍ വീക്ഷിച്ചിരുന്നു. അവരുടെ സ്വാധീനം വലുതാണ്. സചിന്‍ ഇഷ്ടതാരമാണ്. എങ്കിലും ഇടങ്കൈയനെന്ന നിലയില്‍ ബ്രയാന്‍ ലാറ, കുമാര്‍ സംഗക്കാര എന്നിവരെയും ഇഷ്ടമാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ അരങ്ങേറിയ രചിന്‍ 13 ഏകദിനങ്ങളില്‍ ന്യൂസിലാന്റിന്റെ കുപ്പായമിട്ടു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കെയ്ന്‍ വില്യംസന് പരിക്കേറ്റതോടെയാണ് വണ്‍ഡൗണായി ഇറങ്ങാന്‍ അവസരം സൃഷ്ടിച്ചത്. പ്രിയ സുഹൃത്ത് കോണ്‍വെക്കൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചത് വലിയ അനുഗ്രഹമായെന്ന് രചിന്‍ പറയുന്നു.