ജനീവ - 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ സംഘടിപ്പിക്കാന്‍ സൗദി അറേബ്യ മാത്രമേ മുന്നോട്ട് വരൂ എന്ന് സൂചന. 2030 ലെ ലോകകപ്പ് യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക വന്‍കരകളിലാണ്. 2026 ലെ വടക്കെ അമേരിക്കയിലും. അതിനാല്‍ 2034 ലെ ലോകകപ്പിന് അവകാശികള്‍ ഏഷ്യയും ഓഷ്യാനയുമാണ്. 48 ടീമുകള്‍ പങ്കെടുക്കുന്ന, 104 കളികളുള്ള, ആറാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നടത്താന്‍ വലിയ അധ്വാനവും സൗകര്യവും സാമ്പത്തികശേഷിയും വേണം. തീരുമാനം വന്നയുടന്‍ സൗദി അറേബ്യ മുന്നോട്ടുവന്നു. എതിരാളികളാവാന്‍ സാധ്യതയുള്ളത് ഓസ്‌ട്രേലിയയാണ്. ചിലപ്പോള്‍ 2023 ലെ വനിതാ ലോകകപ്പ് നടത്തിയതുപോലെ ന്യൂസിലാന്റുമായി ചേര്‍ന്ന്. പക്ഷെ അവര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഈ മാസാവസാനം വരെ സമയമുണ്ട്. പക്ഷെ വേദിക്കായുള്ള താല്‍പര്യം പ്രകടിപ്പിക്കുന്ന പൂര്‍ണമായ കരാര്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. അതായത് വിവിധ ഗവണ്‍മെന്റുകളുടെ കൂടി അംഗീകാരമുള്ള കരാര്‍ തയാറാക്കാന്‍ ഓസ്‌ട്രേലിയക്കും ന്യൂസിലാന്റിനും പരമാവധി ലഭിക്കുക എട്ടാഴ്ചയാണ്. സൗദിയെ പോലെ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഓസ്‌ട്രേലിയക്കും ന്യൂസിലാന്റിനും സാധിക്കില്ല. അവരുടെ തീരുമാനം പല തലങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട്.
40,000 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന നിരവധി സ്റ്റേഡിയങ്ങള്‍ വേണമെന്നതാണ് മറ്റൊരു നിബന്ധന. 32 ടീമുകളും 64 മത്സരങ്ങളും മാത്രമുള്ള ലോകകപ്പ് ഖത്തര്‍ എട്ട് സ്റ്റേഡിയങ്ങളിലാണ് നടത്തിയത്. 48 ടീമുകളും നൂറിലേറെ മത്സരങ്ങളുമുണ്ടാവും 2034 ലെ ലോകകപ്പില്‍. അതിനാല്‍ മുന്നോട്ടുവരുന്ന രാജ്യങ്ങളില്‍ 14 സ്‌റ്റേഡിയങ്ങള്‍ വേണമെന്നാണ് ഫിഫയുടെ നിബന്ധന, അതില്‍ ഏഴെണ്ണം ഇപ്പോള്‍ നിലവിലുണ്ടായിരിക്കണം. സൗദിക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാം. ഇപ്പോള്‍ തന്നെ മികച്ച സ്‌റ്റേഡിയങ്ങളുണ്ട് രാജ്യത്ത്. 2027 ലെ ഏഷ്യന്‍ കപ്പിനായി കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ പണിയുന്നുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും വനിതാ ലോകകപ്പ് നടത്തിയത് താരതമ്യേന ചെറിയ സ്റ്റേഡിയങ്ങളിലാണ്. 2022 ലെ പുരുഷ ലോകകപ്പിനായി 13 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയ ശ്രമം നടത്തിയത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ആ ഗ്രൗണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പഥ്യമല്ല. 2029 ലെ ഫിഫ ക്ലബ്ബ് ലോകകപ്പിനോ 2034 ലെ ലോകകപ്പിനോ വേണ്ടി ഓസ്‌ട്രേലിയ ശ്രമം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ സോക്കര്‍ ഫെഡറേഷന്‍ സി.ഇ.ഒ ജെയിംസ് ജോണ്‍സണ്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇത് 2034 ലെ ലോകകപ്പിന് പകരം 2029 ലെ ക്ലബ്ബ് ലോകകപ്പ് നേടാനുള്ള സമവായ ഫോര്‍മുലയാണെന്നാണ് പരക്കെ കരുതപ്പെടുന്നത്. 2029 ലെ ക്ലബ്ബ് ലോകകപ്പ് യൂറോപ്യന്‍ ക്ലബ്ബുകളുടെ സൗകര്യമനുസരിച്ചേ നടത്താനാവൂ. സൗദിയിലെ ചൂടേറിയ കാലാവസ്ഥയില്‍ ആ സമയത്ത് ടൂര്‍ണമെന്റ് സാധ്യമല്ല. അതേസമയം ലോകകപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താം. ആ സമയത്ത് താരതമ്യേന ചൂട് കുറവാണ്. 2022 ലെ ഖത്തര്‍ ലോകകപ്പ് ആ സമയത്താണ് നടത്തിയത്.
സൗദിക്കാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) പൂര്‍ണ പിന്തുണയെന്നത് ഓസ്‌ട്രേലിയയെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. ഓസ്‌ട്രേലിയയും സൗദിയും എ.എഫ്.സി അംഗങ്ങളാണ്. 47 രാജ്യങ്ങളുണ്ട് എ.എഫ്.സിയില്‍. ഏഷ്യയിലെ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ രണ്ടു പതിറ്റാണ്ട് മുമ്പാണ് ഓഷ്യാനയില്‍ നിന്ന് ഓസ്‌ട്രേലിയയെ എ.എഫ്.സിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഏഷ്യയിലെ ഫുട്‌ബോള്‍ സമൂഹം ഒറ്റക്കെട്ടായി സൗദിയുടെ ലോകകപ്പ് ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് എ.എഫ്.സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ പ്രഖ്യാപിച്ചു.
2018 ലെ റഷ്യയിലെ ലോകകപ്പ് മുതല്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സൗദി കിരീടാവകാശി മുഹമ്മദ് പബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ ഊഷ്മള ബന്ധമാണ്. ഖത്തറും സൗദിയും തമ്മില്‍ ബന്ധം വഷളായ കാലത്ത് പോലും 2022 ലെ ലോകകപ്പിലെ ചില മത്സരങ്ങള്‍ സൗദിയില്‍ നടത്താന്‍ ഫിഫ ശ്രമം നടത്തിയിരുന്നു.
2026 ലെ ലോകകപ്പ് മൂന്നു രാജ്യങ്ങളിലാണ്-അമേരിക്ക, കാനഡ, മെക്‌സിക്കൊ. 2030 ലെ ലോകകപ്പിനായി രണ്ട് സംരംഭങ്ങളാണ് മുന്നോട്ടുവന്നത് -സ്‌പെയിന്‍, പോര്‍ചുഗല്‍, മൊറോക്കൊ സംയുക്തമായും, അര്‍ജന്റീന, ഉറുഗ്വായ്, പാരഗ്വായ്, ചിലി സംയുക്തമായും. ഇതില്‍ ചിലിയെ ഒഴിവാക്കി ആറു രാജ്യങ്ങള്‍ക്കാണ് ഫിഫ ലോകകപ്പ് അനുവദിച്ചത്. എന്നാല്‍ അര്‍ജന്റീനയിലും ഉറുഗ്വായിലും പാരഗ്വായിലും ഓരോ കളി മാത്രമാണ് അനുവദിച്ചത്. ചിലിയെ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. ഫിഫയുടെ ഈ തീരുമാനം ഫലത്തില്‍ സൗദിയുടെ പാത സുഗമമാക്കി.






