അലർജികൾ പലതുണ്ട്. വെള്ളം, പൊടി, പൂപ്പൽ, കാലാവസ്ഥ അങ്ങനെ അലർജികൾ പലർക്കും പലവിധത്തിലുണ്ടാകാറുണ്ട്. എന്നാൽ വെള്ളം അലർജിയായതു കാരണം കുളിക്കാനോ കുടിക്കാനോ പറ്റാത്ത ഒരു യുവതിയെയാണിവിടെ പരിചയപ്പെടുത്തുന്നത്.
വെള്ളം അലർജിയായതു കാരണം ഇവർ പാലാണ് കുടിക്കുന്നത്. അതേ പോലെ വെള്ളത്തിൽ കുളിച്ചാൽ ഇവരുടെ തലയിൽനിന്ന് രക്തം കിനിയുന്ന സ്ഥിതിയാണ്. അത്രത്തോളമാണീ യുവതിക്ക് വെള്ളത്തോടുള്ള അലർജി.
കാലിഫോണിയയിലെ ഫ്രെസ്‌നോയിലെ ടെസ്സ ഹൻസീൻ സ്മിത്ത് എന്ന 25-കാരിയ്ക്കാണ് അപൂർവ്വമായ ഈ രോഗമുള്ളത്. അക്വാജനിക് ഉർട്ടികാരിയ എന്നാണ് ഈ രോഗത്തിന്റെ പേര്. ടെസ്സയ്ക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ഈ രോഗം ബാധിച്ചത്. കുട്ടിക്കാലത്ത് വെള്ളത്തിൽ കളിക്കൽ ടെസ്സയുടെ ശീലമായിരുന്നു. എന്നാൽ, പിന്നീട് മെല്ലെ മെല്ലെ വെള്ളം ശരീരത്തിലാവുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാൻ തുടങ്ങി. ആദ്യത്തിൽ വെള്ളം ശരീരത്തിൽ തൊട്ടാൽ ചൊറി, ചുമന്ന നിറത്തിലുള്ള തിണർപ്പുകൾ എന്നിവയാണുണ്ടായത്. പിന്നീട് കുളി കഴിഞ്ഞ് വരുമ്പോൾ ദേഹമാകെ തിണർപ്പുകളും മുറിവുകളും കാണാൻ തുടങ്ങി. തുടർന്ന് തലയോട്ടിയിൽ നിന്ന് ചോരയൊലിക്കുന്ന സ്ഥിതിയുമായി.
ഷാംപുവിന്റെ പ്രശ്‌നമാകുമെന്ന് കരുതി അവ ഉപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം സോപ്പും കണ്ടീഷണറും ഉപേക്ഷിച്ചെങ്കിലും അതും ഫലവത്തായില്ല. ദേഹം വൃത്തിയാക്കാൻ മാത്രമല്ല, ദാഹജലം കുടിക്കാൻ പോലും പറ്റാത്തവിധത്തിലായി കാര്യങ്ങൾ.
വെള്ളം കുടിക്കുമ്പോൾ പോലും തൊണ്ടയ്ക്കുള്ളിൽ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങി. ഇതേ തുടർന്ന് നിരവധി പരിശോധനയ്‌ക്കൊടുവിൽ വെള്ളത്തിന് പകരം പാലാണ് കുടിക്കുന്നതെന്ന് ടെസ്സ പറഞ്ഞു.
തന്റെ അമ്മയായ ഡോ. കാരൻ ഹൻസൻ സ്മിത്താണ് ഈ രോഗം കണ്ടെത്തിയതെന്നും ചികിത്സയ്ക്കായി വൻ സംഖ്യ ആശുപത്രികളിൽ ചെലഴിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു. പലർക്കും തന്റെ രോഗാവസ്ഥ വിശ്വസിക്കാനായിരുന്നില്ല. ഇതേ തുടർന്ന് പഠനകാലത്ത് തന്റെ രോഗം സത്യമാണോ എന്ന് പരിശോധിക്കാനായി കോളേജിലെ വിദ്യാർത്ഥികൾ തന്റെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചും ഐസ് ക്യൂബുകൾ വാരിയെറിഞ്ഞും തന്നെ പരീക്ഷിച്ചതായും ടെസ്സ പറഞ്ഞു. നിത്യവും രാവിലെ അധികം വിയർക്കാതെ നടക്കാൻ ശ്രമിക്കാറുണ്ട്. ബാക്കി സമയം വീടിനുള്ളിൽ ഇരുന്ന് കരകൗശല പണികൾ ചെയ്തും പുസ്തകങ്ങൾ വായിച്ചുമാണ് പഠനത്തിൽ മിടുക്കിയായ ഈ യുവതി സമയം ചെലവഴിക്കുന്നത്.
'25 വയസ്സായി തന്റെ മകൾക്ക്. വളരെ വേദനാജനകമായ ഒരു അനുഭവമാണ് മോളുടേത്. ഒരു ഡോക്ടർ എന്ന നിലയിൽ നിരവധി പേരുടെ രോഗനിർണയ്ത്തിനും പൂർണമായ പരിഹാരത്തിനും എനിക്കായി. എന്നാൽ, എന്റെ മകളുടെ കാര്യത്തിൽ അതുണ്ടാകാത്തതിൽ വലിയ പ്രയാസമുണ്ട്. ഇതുമൂലം അവളാഗ്രഹിക്കുന്ന ഒരു ജീവിതം നൽകാനാവുന്നില്ലെന്നു്' യുവതിയുടെ അമ്മയായ ഡോ. കാരൻ ഹൻസൻ സ്മിത്ത് പ്രതികരിച്ചു.