ദോഹ- എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കായിക മത്സരങ്ങളിലെ ആദ്യ ഇനമായ വോളിബോൾ ഇന്ന് (വെള്ളിയാഴ്ച) ആസ്പയർ ഡോമിൽ അരങ്ങേറും. രാവിലെ ഏഴര മണിക്ക് ആരംഭിച്ചു മുഴുവൻ ദിവസം നീണ്ടു നിൽക്കുന്ന വോളിബോൾ മത്സരങ്ങൾ രണ്ട് കോർട്ടുകളിൽ ആണ് നടക്കുക.
എ, ബി എന്നീ രണ്ട് ഡിവിഷനുകളിൽ ആയാണ് കളികൾ നടക്കുക. ഇൻകാസ് കോഴിക്കോട്, കൾച്ചറൽ ഫോറം കോഴിക്കോട്, അനക്‌സ് പാലക്കാട്, ദോസ്താന കൊല്ലം, സ്‌െ്രെടക്കേർസ് ബർവ പത്തനംതിട്ട, ഫൈറ്റേഴ്‌സ് എറണാകുളം എന്നീ ടീമുകളാണ് എ ഡിവിഷനിൽ മാറ്റുരയ്ക്കുന്നത്. ബി ഡിവിഷനിൽ അൽ ജാസി ഐ.സി.എ തൃശൂർ, പി.ബി.എഫ്.സി പാലക്കാട്, ക്യൂ.സി.എം.സി കോഴിക്കോട്, ദോസ്താന കൊല്ലം, ക്യൂ ചെമ്‌നാടിയൻസ് കാസർകോട്, കൾച്ചറൽ ഫോറം കോഴിക്കോട്, എ ജി.എഫ്.സി മലപ്പുറം, വാരിയേഴ്‌സ് മലപ്പുറം എന്നീ ടീമുകൾ കൊമ്പ് കോർക്കും.
രാവിലെ ഏഴരമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എ ഡിവിഷൻ ടീമുകളായ ദോസ്താന കൊല്ലവും ഫൈറ്റേഴ്‌സ് എറണാകുളവും ആണ് ഏറ്റുമുട്ടുന്നത്. ഇരു ഡിവിഷനുകളിലും ഏതാണ്ട് തുല്യ ശക്തികൾ അണിനിരക്കുന്നു എന്നതിനാൽ ആവേശകരമായ മത്സരങ്ങൾ ആണ് കായിക പ്രേമികളെ കാത്തിരിക്കുന്നത്. മത്സരം വീക്ഷിക്കാൻ എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്.






