അഹമ്മദാബാദ് - കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണം കണക്കാക്കി തങ്ങളെ തോല്‍പിച്ചതിന് ബൗണ്ടറി പ്രളയത്തിലൂടെ കിവീസ് കണക്കു ചോദിച്ചു. ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ കരളുറപ്പുള്ള കളി കെട്ടഴിച്ച ന്യൂസിലാന്റിന്റെ ബൗളര്‍മാരും ബാറ്റര്‍മാരും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 14 ഓവറോളം ശേഷിക്കെ ഒമ്പതു വിക്കറ്റിന് തറപറ്റിച്ചു. പരിക്ക് കാരണം മുന്‍നിര ബൗളര്‍മാരെ നഷ്ടപ്പെട്ടിട്ടും സമര്‍ഥമായി അവര്‍ ചാമ്പ്യന്മാരെ ഒമ്പതിന് 282 ലൊതുക്കി. ഓപണര്‍ വില്‍ യംഗ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതിന്റെ ക്ഷീണം മറന്ന് മാസ്മരിക സെഞ്ചുറികളിലൂടെ ഡെവോണ്‍ കോണ്‍വെയും (120 പന്തില്‍ 121 നോട്ടൗട്ട്) രചിന്‍ രവീന്ദ്രയും (96 പന്തില്‍ 123 നോട്ടൗട്ട്) അവരെ വിജയതീരത്തടുപ്പിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് ഒമ്പതിന് 282, ന്യൂസിലാന്റ് 36.2 ഓവറില്‍ ഒന്നിന് 283.
കോണ്‍വെയും രചിനും 211 പന്തില്‍ 273 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നേരത്തെ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റര്‍മാരും രണ്ടക്കത്തിലെത്തി റെക്കോര്‍ഡിട്ടും ചാമ്പ്യന്മാര്‍ക്ക് ഒരു ഘട്ടത്തിലും ആഞ്ഞടിക്കാനായില്ല. മുന്‍ നായകന്‍ ജോ റൂട്ടിന്റെ 77 റണ്‍സാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ അടിത്തറ. ഓപണര്‍ ജോസ് ബട്‌ലറുമൊത്ത് (43) റൂട്ട് 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പെയ്‌സ്ബൗളര്‍ മാറ്റ് ഹെന്റി മൂന്നു വിക്കറ്റെടുത്തു (3-48). സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്‌നറും (10-0-37-2) ഗ്ലെന്‍ ഫിലിപ്‌സും (3-0-17-2) രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
യംഗിനെ (0) സാം കറണ്‍ തന്റെ ആദ്യ പന്തില്‍ പുറത്താക്കിയതോടെ കിവീസിന്റെ തുടക്കം താളം തെറ്റി. എന്നാല്‍ കോണ്‍വെയും (101 പന്തില്‍ 111 നോട്ടൗട്ട്) രചിനും (82 പന്തില്‍ 100 നോട്ടൗട്ട്) ഇംഗ്ലണ്ടിന്റെ സകല പ്രതീക്ഷകളും തല്ലിയുടച്ചു. ഇന്നിംഗ്‌സിലുടനീളം എട്ടിനടുത്ത് റണ്‍റെയ്റ്റിലാണ് അവര്‍ കുതിച്ചത്. ഒരു ഇംഗ്ലണ്ട് ബൗളറെയും അവര്‍ വെറുതെ വിട്ടില്ല. രചിന്‍ അഞ്ച് സിക്‌സറും 10 ബൗണ്ടറിയും പായിച്ചപ്പോള്‍ കോണ്‍വെ മൂന്ന് സിക്‌സറും 16 ബൗണ്ടറിയും പറത്തി. ഇരുവരും 36 പന്തിലാണ് അര്‍ധ ശതകം തികച്ചത്. ആര് ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടുമെന്നതായിരുന്നു ചോദ്യം. കോണ്‍വെക്കായിരുന്നു അതിനുള്ള ഭാഗ്യം. 83 പന്തില്‍ കോണ്‍വെയും 82 പന്തില്‍ രചിനും മൂന്നക്കത്തിലെത്തി. ഇരുഭാഗത്തു നിന്നുമുള്ള കടന്നാക്രമണത്തില്‍ ഇംഗ്ലണ്ടിന് മറുപടിയുണ്ടായില്ല. കോണ്‍വെയുടെ അഞ്ചാം സെഞ്ചുറിയാണ് ഇത്. രചിന്റെ കന്നി സെഞ്ചുറിയാണ്. 1996 ല്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ലോകകപ്പും ന്യൂസിലാന്റ് താരത്തിന്റെ സെഞ്ചുറിയോടെയാണ് തുടങ്ങിയത്, നാഥന്‍ ആസ്റ്റില്‍. അതും ഇംഗ്ലണ്ടിനെതിരെ. കഴിഞ്ഞ കുറേ ലോകകപ്പുകളിലായി ആദ്യം സെഞ്ചുറി നേടുന്ന ടീമാണ് കപ്പടിച്ചത്.
കിവീസ് സ്പിന്നര്‍മാരും പെയ്‌സര്‍മാരും സമര്‍ഥമായി പന്തെറിഞ്ഞതോടെ ഒരു ഘട്ടത്തിലും ആഞ്ഞടിക്കാന്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ടുകാര്‍ക്കായില്ല. ഡേവിഡ് മലാനും ബെയര്‍സ്റ്റോയും പതിവ് പോലെ തിടുക്കത്തിലാണ് തുടങ്ങിയത്. എന്നാല്‍ ഇരുവരെയും ഇംഗ്ലണ്ട് അധികം വാഴാന്‍ അനുവദിച്ചില്ല. മലാനെ (24 പന്തില്‍ 14) ഹെന്റിയും ബെയര്‍സ്‌റ്റോയെ (35 പന്തില്‍ 33) സാന്റ്‌നറും വീഴ്ത്തി. രചിന്‍ രവീന്ദ്ര തുടര്‍ച്ചയായ മൂന്നു പന്തില്‍ ഹാരി ബ്രൂക് (16 പന്തില്‍ 25) സിക്‌സറിനും രണ്ട് ബൗണ്ടറിക്കും പായിച്ചു. നാലാമത്തേതില്‍ ബൗളര്‍ പ്രതികാരം ചോദിച്ചു.
57 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം റൂട്ട് അര്‍ധ ശതകം തികച്ചു. എന്നാല്‍ ഫിലിപ്‌സിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബൗള്‍ഡായി. നാല്‍പത്താറാം ഓവറില്‍ ഇംഗ്ലണ്ട് ഒമ്പത് 252 ലേക്ക് തകര്‍ന്നെങ്കിലും ആദില്‍ റഷീദും (13 പന്തില്‍ 15 നോട്ടൗട്ട്) മാര്‍ക്ക് വുഡും (14 പന്തില്‍ 13 നോട്ടൗട്ട്) അവരെ മുന്നൂറിനോടടുപ്പിച്ചു. അവസാന പത്തോവറില്‍ ന്യൂസിലാന്റ് രണ്ട് ബൗണ്ടറിയേ വഴങ്ങിയുള്ളൂ. സാന്റ്‌നറുടെ പത്തോവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ഇംഗ്ലണ്ടിനായില്ല. പുറംവേദന കാരണം വിക്കറ്റ്കീപ്പിംഗ് ഉപേക്ഷിക്കേണ്ടി വന്ന ഫിലിപ്‌സ് മൂന്നോവറിലാണ് രണ്ടു വിക്കറ്റെടുത്തത്.
നിലവിലെ റണ്ണേഴ്‌സ്്അപ്പായ ന്യൂസിലാന്റ് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇടുപ്പിന് പരിക്കുള്ള ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്. ഈ ടീമുകള്‍ തമ്മിലുള്ള കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു സ്‌റ്റോക്‌സ്. പരിക്കേറ്റ കെയ്ന്‍ വില്യംസനു പകരം ടോം ലേതമാണ് ന്യൂസിലാന്റിനെ നയിച്ചത്. പെയ്‌സ് ബൗളര്‍മാരായ ടിം സൗതി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കും പരിക്കാണ്.
സ്റ്റോക്‌സിനു പകരം ഹാരി ബ്രൂക്‌സ് ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം നേടി. ടോസ് നേടിയെങ്കില്‍ ബൗളിംഗ് തെരഞ്ഞെടുത്തേനേയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.






