കോവളം ബീച്ചിൽ മാസ് ലുക്കിൽ രജനി; വാസ്തവം എന്താണ്

തിരുവനന്തപുരം- കോവളം ബീച്ചിൽ ഷർട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്‌റ്റൈൽ മന്നന്റെ മാസ് ലുക്ക് കണ്ടരെല്ലാം അത്ഭുതം കൂറി. രജനികാന്തിന്റെ 'തലൈവർ 170' സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 


എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണെന്നുള്ളതാണ് യാധാർഥ്യം. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്.

അതേസമയം, രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് 'തലൈവർ 170' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ കേരളത്തിലുള്ള ചിത്രീകരണം. ടി.ജെ. ജ്ഞാനവേലാണ് സംവിധാനം.

സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്‌നിംഗ് ചിത്രമായിരിക്കുമെന്ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് രജനികാന്ത് പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.
രജനിയെ കുടാതെ അമിതാഭ് ബച്ചൻ, മഞ്ജു വാരിയർ, ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് രജനിയും ബച്ചനും ഒന്നിക്കുന്നത്. 

English Summary: Rajini in mass look at Kovalam beach; What is the truth?

Latest News