ജനീവ - ഇതാദ്യമായി യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയും സംയുക്തമായി 2030 ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. യൂറോപ്പിലെ സ്‌പെയിനും പോര്‍ച്ചുഗലും ആഫ്രിക്കയിലെ മൊറോക്കോയും മൂന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്നാണ് 2030 ലെ ലോകകപ്പ് നടത്തുക. 2034 ലെ ലോകകപ്പ് വേദിക്കായി ശ്രമം നടത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഈജിപ്തും ഗ്രീസും സൗദിയുടെ സംയുക്ത സംരംഭത്തില്‍ പങ്കുചേരുമെന്നാണ് കരുതുന്നത്.
ഫിഫയുടെ മേല്‍നോട്ടത്തില്‍ എത്തിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ആറ് രാജ്യങ്ങളില്‍ 2030 ലെ ലോകകപ്പ് നടത്തുന്നത്. 2026 ലെ അടുത്ത ലോകകപ്പ് അമേരിക്കയും കാനഡയും മെക്‌സിക്കോയും ഒരുമിച്ചാണ് നടത്തുന്നത്. ഇതിനു മുമ്പ് ഒരിക്കലേ ലോകകപ്പ് സംയുക്തമായി നടന്നിട്ടുള്ളൂ, 2002 ല്‍ ജപ്പാനും തെക്കന്‍ കൊറിയയും.
1930 ലെ പ്രഥമ ലോകകപ്പ് നടത്തിയ ഉറുഗ്വായ്ക്ക് 2030 ലെ ശതാബ്ദി ലോകകപ്പ് നടത്താനുള്ള അവസരം നല്‍കാനാണ് ഫിഫ ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. മോണ്ടിവിഡിയോയിലെ സ്‌റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം. ഒപ്പം അര്‍ജന്റീന, പാരഗ്വായ് എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഓരോ മത്സരങ്ങള്‍ നടക്കും. ആറ് ടീമുകള്‍ക്കും നേരിട്ട് ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാം. സ്‌പെയിനും പോര്‍ചുഗലുമാണ് ആദ്യം സംയുക്തമായി ലോകകപ്പ് വേദിക്ക് ശ്രമിച്ചത്. ഈ വര്‍ഷം ആ സംരംഭത്തില്‍ മൊറോക്കോയും ചേര്‍ന്നു. അര്‍ജന്റീന-ഉറുഗ്വായ്-പാരഗ്വായ് സംയുക്ത സംരംഭമായിരുന്നു അവരോട് മത്സരിക്കാനുണ്ടായിരുന്നത്. ഫിഫ രണ്ടും തമ്മില്‍ ധാരണയുണ്ടാക്കി.
ധാരണയുടെ ഭാഗമായി 2034 ലെ ലോകകപ്പ് വേദി ഏഷ്യക്കും ഓഷ്യാനക്കും മാത്രമായി ചുരുക്കാന്‍ ഫിഫ തയാറായി. സൗദി അറേബ്യക്കൊപ്പം ഓസ്‌ട്രേലിയയും രംഗത്തുണ്ട്. സൗദിയിലെ കടുത്ത ചൂട് പരിഗണിച്ച് 2034 ലെ ലോകകപ്പ് നവംബര്‍, ഡിസംബറിലായിരിക്കും-ഖത്തര്‍ ലോകകപ്പ് പോലെ.
2030 ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ ലാറ്റിനമേരിക്കയിലായിരിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പോവും. വിവിധ സമയമേഖലകള്‍ കടന്നുള്ള അഭൂതപൂര്‍വമായ യാത്രയാണ് ടീമുകള്‍ക്ക് വേണ്ടിവരിക.