ദോഹ- ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പാഖ്) സംഘടിപ്പിക്കുന്ന ട്യൂൺസ് ഇൻ ഡ്യൂൺസ് നാളെ നടക്കും. ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തർ വിത്ത് റിതുരാജ് ആന്റ് ബെന്നറ്റ് ദി ബാൻഡ് സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് ആസ്പൈർ ലേഡീസ് സ്പോർട്സ് ഹാളിലാണ് സംഗീത പരിപാടി നടക്കുക. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരിക്കും. ദോഹയിലെ സംഗീതാസ്വാദകർക്കു പുതിയ ഒരനുഭവം അയിരിക്കും ആദ്യമായി ഫുൾ ബാൻഡുമായി എത്തുന്ന ശ്വേത മോഹനും ലിറ്റിൽ സ്റ്റാർ സിംഗർ ഋതുരാജും സംഗീത മാന്ത്രികൻ ബെന്നറ്റ് ആന്റ് ദി ബാൻഡും ചേർന്ന് സമ്മാനിക്കുക.
3 മണിക്കൂർ നീളുന്ന ട്യൂൺസ് ഇൻ ഡ്യൂൺസിൽ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി മുഴുവൻ സംഗീത പ്രേമികൾക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘടകർ പറഞ്ഞു. സ്കോഡ കാർ മുഖ്യ പ്രയോജകരാകുന്ന പരിപാടിയുടെ ടിക്കറ്റ് ക്യു ടിക്കറ്റ് വെബ്സൈറ്റ് ലഭിക്കും. ഐ.സി.സി അഫിലിയേഷനോടുകൂടി 2 വർഷം മുമ്പ് രൂപീകൃതമായ അജ്പാക് ഇതിനോടകം കലാ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ്.
ലയാലി റസ്റ്റോറന്റ് സാരയ കോർണിഷ് ഹോട്ടലിൽ നടന്ന പത്ര സമ്മേളനത്തിൽ അജ്പാക് ചീഫ് പാട്രൺ മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഷെഫി വൈശ്യനാടം, ജനറൽ സെക്രട്ടറി പ്രേമ ശരത്, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷൈജു ധമനി, സ്കോഡ കാർസ് മാർക്കറ്റിംഗ് മാനേജർ മോഖ്ലെസ് പങ്കെടുത്തു.






