ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ജാവലിന്‍ ത്രോയില്‍ ലോക, ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര പ്രതീക്ഷിച്ചതു പോലെ സ്വര്‍ണത്തിലേക്ക് മുഴയെറിഞ്ഞു. 88.88 മീറ്റര്‍ ദൂരത്തേക്കാണ് നീരജ് ജാവലിന്‍ പായിച്ചത്. കിഷോര്‍ ജേന രണ്ടാം സ്ഥാനത്തെത്തിയത് ഇന്ത്യക്ക് ഇരട്ടി മധുരമായി. ജേനയില്‍ നിന്ന കനത്ത സമ്മര്‍ദ്ദമാണ് നീരജ് നേരിട്ടത്. 86.77 മീറ്റര്‍ എറിഞ്ഞ് ജേന മുന്നില്‍ കയറി. എന്നാല്‍ സീസണിലെ ഏറ്റവും മികച്ച ഏറോടെ സ്വര്‍ണം നിലനിര്‍ത്തിയാണ് നീരജ് പ്രതികരിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ എറിഞ്ഞ 88.17 മീറ്ററും ഒളിംപിക്‌സ് സ്വര്‍ണത്തിനായി എറിഞ്ഞ 87.58 മീറ്ററും കവച്ചുവെക്കുന്നതായിരുന്നു ഈ പ്രകടനം. 85 മീറ്ററിന് മുകളിലുള്ള ഏറോടെയാണ് നീരജ് തുടങ്ങിയതെങ്കിലും സ്റ്റേഡിയത്തിലെ യന്ത്രം ആ ദൂരം രേഖപ്പെടുത്താതിരുന്നത് ഏറെ നേരം അനിശ്ചിതത്വം സൃഷ്ടിച്ചു. ആദ്യമായാണ് ഫൈനലില്‍ തനിക്ക് ഏഴ് ഏറ് വേണ്ടിവന്നതെന്ന് നീരജ് ചോപ്ര പറഞ്ഞു. പാക്കിസ്ഥാന്റെ അര്‍ഷദ് നദീം പിന്മാറിയതോടെ നീരജിന്റെ പാത എളുപ്പമായി എന്നാണ് കരുതിയത്. എന്നാല്‍ ജേന തകര്‍പ്പന്‍ വെല്ലുവിളിയാണ് സമ്മാനിച്ചത്.
ഖത്തറിന്റെ മുതാസ് ബാര്‍ഷിം മൂന്നാം തവണ ഏഷ്യാഡില്‍ ഹൈജമ്പ് ചാമ്പ്യനായി. 2.35 മീറ്ററിന്റെ ഗെയിംസ് റെക്കോര്‍ഡോടെയാണ് ഖത്തറുകാരന്‍ സ്വര്‍ണം നേടിയത്. വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ ഹര്‍മിലന്‍ ബെയ്ന്‍സും പുരുഷന്മാരുടെ 5000 മീറ്ററില്‍ അവിനാഷ് സാബ്‌ലെ വെള്ളി നേടി. സാബ്‌ലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സ് ചാമ്പ്യനായിരുന്നു.
പുരുഷന്മാരുടെ 4-400 റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഏഷ്യന്‍ റെക്കോര്‍ഡുകാരായ ഇന്ത്യന്‍ ടീം മൂന്നു മിനിറ്റ് 1.58 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. തമിഴ്‌നാട്ടുകാരനായ രാജേഷ് രമേശും മലയാളികളായ അമോജ് ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഓടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മിനിറ്റ് 59.05 സെക്കന്റിലാണ് ഇന്ത്യന്‍ സംഘം കുതിച്ചത്.
ഹാങ്ചൗ ഏഷ്യാഡില്‍ ഇന്ത്യയുടെ പതിനെട്ടാമത്തെ സ്വര്‍ണ മെഡലാണ് ഇത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയധികം സ്വര്‍ണം നേടുന്നത്.






