സാധാരണക്കാര്‍ക്ക് താങ്ങില്ല, നയന്‍താരയ്ക്ക് ഇന്‍സ്റ്റയില്‍ വിമര്‍ശനം

ചെന്നൈ-തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കരിയര്‍ ഗ്രാഫില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ അരങ്ങേറിയ നയന്‍താര ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിക്കുകയാണ്. മലയാളത്തില്‍ വളരെ ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ച നയന്‍താരയെ വളര്‍ത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം. ജവാന് പിന്നാലെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ഇരൈവന്‍. ജയം രവിയാണ് ചിത്രത്തിന്‍ നായകന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അടുത്തിടെ ഒരു സംരംഭവുമായി താരം രംഗത്തെത്തിയിരുന്നു. 9സ്‌കിന്‍ എന്ന സംരഭവുമായാണ് എത്തിയത്. ഇപ്പോഴിതാ ഇതിനെതിരേയും ചില ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
സ്വയം സ്‌നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയന്‍താര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‌കിന്നിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
999 രൂപ മുതല്‍ 1899 വരെയാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്‌കിന്റില്ലേറ്റ് ബൂസ്റ്റര്‍ ഓയില്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍. ഇതില്‍ 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപ എന്നിങ്ങനെയാണ് വില.
ജവാന്‍ സിനിമയുടെ റിലീസിന്റെ സമയത്താണ് നയന്‍താര ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത്. എന്നാല്‍ തന്റെ ബ്രാന്‍ഡ് പ്രൊമോഷന് വേണ്ട മാത്രമാണ് താരം അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്. വിമര്‍ശനങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. നയന്‍താര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

Latest News