അവസാനം പറപറന്ന് പരുള്‍, രണ്ട് ദിവസത്തിനിടെ രണ്ട് മെഡല്‍

ഹാങ്ചൗ -ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 5000 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ പരുള്‍ ചൗധരിക്ക് രണ്ടു ദിവസത്തിനിടെ രണ്ടാം മെഡല്‍. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ബഹ്‌റൈന്റെ ആഫ്രിക്കന്‍ ഇറക്കുമതിയും നിലവിലെ ലോക ചാമ്പ്യനുമായ വിന്‍ഫ്രഡ് മുതീലെയോട് പൊരുതിയാണ് പരുള്‍ ചൗധരി തിങ്കളാഴ്ച വെള്ളി പിടിച്ചെടുത്തത്. 5000 മീറ്ററില്‍ മറ്റൊരു മിന്നുന്ന പ്രകടനത്തിലൂടെ സ്വര്‍ണമണിഞ്ഞു. 30 മീറ്റര്‍ ബാക്കിയിരിക്കെ നടത്തിയ കുതിപ്പിലാണ് പരുള്‍ ചൗധരി (15:14.75 മിനിറ്റ്) ജപ്പാന്റെ റിറിക ഹിരോനാക്കയെ (15:15.34) മറികടന്ന് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഏഷ്യാഡില്‍ ആദ്യമായാണ് ഇന്ത്യ ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കുന്നത്. കസാഖിസ്ഥാന്റെ കരൊലൈന്‍ കിപ്കിറൂയി ചെപ്‌കോച്ചിനാണ് വെങ്കലം. ഇന്ത്യയുടെ അങ്കിത അഞ്ചാം സ്ഥാനത്തായി. 
നാലാം ശ്രമത്തില്‍ എറിഞ്ഞ 62.92 മീറ്ററിലൂടെയാണ് അനു റാണി ജാവലിനില്‍ സ്വര്‍ണം തൊട്ടത്. ശ്രീലങ്കക്കാരി നദീഷ ദില്‍ഹന്‍ (61.57) വെള്ളിയും ചൈനയുടെ ലിയു ഹുയ്ഹുയി (61.29) വെങ്കലവും സ്വന്തമാക്കി. 

തേജസ്വിന് ദേശീയ റെക്കോര്‍ഡ്
പുരുഷന്മാരുടെ 800 മീറ്ററില്‍ സൗദി അറേബ്യയുടെ ഈസ അലിക്കു പിന്നിലാണ് (1:48.05 മിനിറ്റ്) മലയാളി താരം അഫ്‌സല്‍ ഫിനിഷ് ചെയ്തത് (1:48.43). ഒമാന്റെ മുഹ്‌സിന്‍ ഹുസൈന്‍ അല്‍ഫാരിസി (1:48.51) വെങ്കലം കരസ്ഥമാക്കി. 
ആദ്യ ദിനം അഞ്ചിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തേജസ്വിന്‍ ശങ്കര്‍ ഇന്നലെ പിന്നോട്ടുപോയെങ്കിലും ഡെക്കാത്തലണില്‍ ദേശീയ റെക്കോര്‍ഡോടെ വെള്ളി നേടി. 1974 നു ശേഷം ആദ്യമായാണ് ഡെക്കാത്തലണില്‍ ഇന്ത്യക്കു മെഡല്‍ ലഭിക്കുന്നത്. പത്തിനങ്ങളുള്ള ഡെക്കാത്തലണ്‍ അത്‌ലറ്റിക്‌സിലെ ഏറ്റവും പ്രയാസകരമായ ഇനമാണ്. 

മലയാളി റിലേ
4-400 പുരുഷ റിലേയില്‍ മുഹമ്മദ് അനസ്, നിഹാല്‍ ജോയല്‍ വില്യം, അമോജ് ജേക്കബ്, മിജൊ ചാക്കൊ കുര്യന്‍ എന്നീ മലയാളികള്‍ അണിനിരന്ന ഇന്ത്യന്‍ ടീം ഫൈനലിലേക്ക് മുന്നേറി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഇന്ത്യ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. വനിതകളുടെ 800 മീറ്ററില്‍ ഹര്‍മിലന്‍ ബയ്ന്‍സ്, ചന്ദ എന്നിവരും ഫൈനലിലെത്തി.
 

Latest News