റെക്കോര്‍ഡ് മെഡലുമായി ഇന്ത്യ, ജക്കാര്‍ത്തയെ മറികടക്കും 

ഹാങ്ചൗ -ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഒമ്പത് മെഡല്‍ കൂടി നേടിയതോടെ അഞ്ചു വര്‍ഷം മുമ്പ് ജക്കാര്‍ത്തയില്‍ കാഴ്ചവെച്ച മിന്നുന്ന പ്രകടനം ഇന്ത്യ മറികടക്കുമെന്നുറപ്പായി. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡലാണ് ഇന്ത്യ നേടിയത്. ഇത്തവണ 15 സ്വര്‍ണമുള്‍പ്പെടെ 69 മെഡലായി. ഇന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അമ്പെയത്തിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നതിനാല്‍ ഒരു സ്വര്‍ണം കൂടി ഇന്ത്യക്ക് ഉറപ്പാണ്. കബഡികളും പുരുഷ ക്രിക്കറ്റും ഗുസ്തിയും ബോക്‌സിംഗുമൊക്കെ ഒളിംപിക്, ലോക ചാമ്പ്യന്‍ നീരജ് ചോപ്ര ഇറങ്ങുന്ന പുരുഷ ജാവലിന്‍ ത്രോയുമൊക്കെ ബാക്കിയുണ്ട്.

അത്‌ലറ്റിക്‌സില്‍ ആറ് മെഡലുള്‍പ്പെടെ ഒമ്പത് മെഡലുകള്‍ നേടിയ ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം അവസാനിപ്പിച്ചത് കൂടുതല്‍ മെഡല്‍ പ്രതീക്ഷയോടെയാണ്. 
അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലാണ് ഫൈനല്‍. പുരുഷ വിഭാഗത്തില്‍ ഓജസ് പ്രവീണ്‍ ദിയോതാലെയും അഭിഷേക് വര്‍മയും തമ്മിലാണ് ഫൈനല്‍. ഇന്ത്യക്കാര്‍ തമ്മിലുള്ള വനിതാ സെമിയില്‍ അതിഥി ഗോപിചന്ദിനെ തോല്‍പിച്ച് ജ്യോതി സുരേഖ വന്നാം ഫൈനലിലെത്തി. വനിതാ ബോക്‌സിംഗില്‍ ലവ്‌ലിന ബോര്‍ഗഹൈന്‍ സ്വര്‍ണ മെഡലിനായി പോരാടും. സ്‌ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനലിലെത്തിയതോടെ മൂന്ന് മെഡലുകളുറപ്പായി. 
ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം നേപ്പാളിനെ തോല്‍പിച്ച് സെമിഫൈനലിലെത്തി. വനിതാ ഹോക്കിയില്‍ ഇന്ത്യ 13-0 ന് ഹോങ്കോംഗിനെ തരിപ്പണമാക്കി. കബഡിയില്‍ ഇന്ത്യന്‍ വനിതാ ടീം തെക്കന്‍ കൊറിയയെ 56-22 ന് പൂള്‍ മത്സരത്തില്‍ തോല്‍പിച്ചു. അഞ്ചു തവണ കൊറിയയെ ഇന്ത്യന്‍ ടീം ഓളൗട്ടാക്കി. 

Latest News