ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറ്റു ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട പിച്ചില്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 48 പന്തില്‍ ഏഴ് സിക്‌സറും എട്ട് ബൗണ്ടറിയും സഹിതം സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ റിങ്കു സിംഗും (15 പന്തില്‍ 37 നോട്ടൗട്ട്) ആഞ്ഞടിച്ചതോടെയാണ് സ്‌കോര്‍ ഇരുനൂറിലെത്തിയത്. റിങ്കു സിംഗും ശിവം ദൂബെയും (14 പന്തില്‍ 35 നോട്ടൗട്ട്) അവസാന നാലോവറില്‍ 50 റണ്‍സ് വാരി. അവസാന ഓവറില്‍ 25 റണ്‍സ് അവര്‍ അടിച്ചെടുത്തു.
സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ഫുള്‍ ടോസായ അടുത്ത പന്തില്‍ ജയ്‌സ്വാള്‍ ഷോര്‍ട് തേഡ്മാനില്‍ പിടികൊടുത്തു. അതോടെ ഇന്ത്യ മുടന്തിയിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്കവാദ് (23 പന്തില്‍ 25) ഉള്‍പ്പെടെ മുന്‍നിരയിലെ മറ്റു ബാറ്റര്‍മാര്‍ക്കും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. തിലക് വര്‍മയെ (10 പന്തില്‍ 2) സോംപാല്‍ കാമി ബൗള്‍ഡാക്കി. ജിതേഷ് ശര്‍മയെ (5) സ്പിന്നര്‍ സന്ദീപ് ലാമിചാനെ സ്വന്തം ബൗളിംഗില്‍ പിടിച്ചു.






